മുംബൈ: ഷീന ബോറ കൊലക്കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിക്കു വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചു സുപ്രീംകോടതി. ഷീനയുടെ അമ്മ ഇന്ദ്രാണിയുടെ ഹര്‍ജി എം.എം.സുന്ദ്രേഷ്, രാജേഷ് ബിന്‍ഡാല്‍ എന്നിവരുടെ ബെഞ്ച് തള്ളി. ഇന്ദ്രാണിക്കു വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. 'കേസില്‍ വിചാരണ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ ആവശ്യം പരിഗണിക്കാനാകില്ല. നിങ്ങള്‍ തിരിച്ചുവരുമെന്നു യാതൊരു ഗ്യാരന്റിയുമില്ല. കോടതിയിലെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം''- സുപ്രീംകോടതി വ്യക്തമാക്കി. വളരെ ചര്‍ച്ചയായ സംഭവമാണെന്നും വിചാരണ പകുതിയായെന്നുമാണ് ഇന്ദ്രാണിയുടെ ആവശ്യത്തെ എതിര്‍ത്ത് സിബിഐ വാദിച്ചത്. സ്‌പെയിന്‍, യുകെ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ 10 ദിവസം അനുവദിക്കണം എന്നായിരുന്നു ഇന്ദ്രാണിയുടെ ആവശ്യം.
ഷീന ബോറയെ അമ്മ ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാംവര്‍ റായിയും ചേര്‍ന്ന് 2012 ഏപ്രിലില്‍ കൊലപ്പെടുത്തിയെന്നാണു കേസ്. കാറില്‍ കഴുത്തുഞെരിച്ചു കൊന്നശേഷം മൃതദേഹം പന്‍വേലിനടുത്ത് വനമേഖലയില്‍ ഉപേക്ഷിച്ച് കത്തിച്ചെന്നാണ് ആരോപണം. 2012ല്‍ പന്‍വേല്‍ വനമേഖലയില്‍നിന്ന് അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന മട്ടിലാണ് പൊലീസ് എല്ലുകളും ശരീരഭാഗങ്ങളും ശേഖരിച്ചത്. 2015ല്‍ മറ്റൊരു കേസില്‍ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിയെ അറസ്റ്റ് ചെയ്തപ്പോഴാണ് ഷീന ബോറ കൊലക്കേസിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്നു പന്‍വേലിലെ വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ എല്ലുകള്‍ കണ്ടെത്തി. 2012ലും 2015ലും അതേ സ്ഥലത്തുനിന്നു കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ ഒരാളുടേതു തന്നെയാണെന്നു ജെജെ സര്‍ക്കാര്‍ ആശുപത്രിയില്‍ രാസപരിശോധനയില്‍ തെളിഞ്ഞതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു. പിന്നീട് അവ ജെജെ ആശുപത്രിയില്‍നിന്നു കാണാതായി. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഷീനയുടേതാണെന്നു സ്ഥിരീകരിച്ചിരുന്നു.