ലണ്ടന്‍: ലണ്ടന്‍ എലിസബത്ത് ലൈനിലെ ലോക്കോപൈലറ്റുമാര്‍ പണിമുടക്ക് സമരത്തിലേക്ക്. തൊഴിലുടമകളായ എംടിആറിനോട് ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ശമ്പള വര്‍ധനവ് ആവശ്യം അംഗീകരിക്കാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ലോക്കോപൈലറ്റുമാരുടെ ട്രേഡ് യൂണിയന്‍ ആസ്ലെഫ് അറിയിച്ചു. ഏകദേശം 500ഓളം ലോക്കോപൈലറ്റുമാരാണ് ഫെബ്രുവരി 27, മാര്‍ച്ച് ഒന്ന്, എട്ട്, 10 തീയ്യതികളില്‍ പണിനിര്‍ത്തിവെച്ച് കൊണ്ട് സമരം സംഘടിപ്പിക്കുന്നത്.
'എലിസബത്ത് ലൈനിന്റെ വിജയത്തില്‍ ഞങ്ങളുടെ അംഗങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിജയത്തില്‍ ഡ്രൈവര്‍മാരുടെ കഷ്ടപ്പാട് തിരിച്ചറിയേണ്ടതില്ലെന്ന് എംടിആര്‍ തീരുമാനിക്കുകയായിരുന്നു', ആസ്ലെഫിന്റെ ജനറല്‍ സെക്രട്ടറി മിക്ക് വെലാന്‍ പറഞ്ഞു. അതേസമയം എലിസബത്ത് ലൈനിലെ ലോക്കോപൈലറ്റുമാര്‍ 4.5 ശതമാനം ശമ്പള വര്‍ധനവ് നിരസിച്ചതിലും സമരം ചെയ്യാനുള്ള തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തതിലും തനിക്ക് നിരാശയുണ്ടെന്ന് എംടിആറിന്റെ മാനേജിങ് ഡയറക്ടര്‍ മിക്ക് ബഗ്ഷാ പ്രതികരിച്ചു.
95 ശതമാനം ഡ്രൈവര്‍മാരും സമരത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിന് പിന്നാലെയാണ് സമരം നടത്താന്‍ സംഘടന തീരുമാനിച്ചത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും തങ്ങളുടെ അംഗങ്ങളുടെ കൂലി തുക നഷ്ടമാകരുത് എന്നുണ്ടായിരുന്നെങ്കിലും ഏറ്റവും അവസാനത്തെ ആശ്രയമായാണ് സമരം നടത്തുന്നതെന്ന് ആസ്ലെഫിന്റെ ജില്ലാ ഓര്‍ഗനൈസര്‍ നിഗെല്‍ ഗിബ്സണ്‍ പ്രതികരിച്ചു. കമ്പനി അനുകൂല തീരുമാനമെടുക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം നിലനിര്‍ത്തുമായിരുന്നുവെന്നും തര്‍ക്കം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ ആസ്ലെഫുമായി ഇടപഴകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബഗ്ഷാ പറഞ്ഞു. പ്രശ്നം പരിഹരിച്ച് ജോലി തുടരാന്‍ ഇരു വിഭാഗത്തെയും പ്രോത്സാഹിപ്പിക്കുമെന്ന് ലണ്ടന്‍ ഗതാഗത വക്താവും പ്രതികരിച്ചു. 2022 മെയിലാണ് എലിസബത്ത് ലൈന്‍ തുറന്നത്.