Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.9555 INR  1 EURO=98.3671 INR
ukmalayalampathram.com
Thu 12th Jun 2025
 
 
അസോസിയേഷന്‍
  Add your Comment comment
സോണിയ ലൂബി യുക്മ നഴ്സസ് ഫോറത്തിന്റെ നഴ്സിംഗ് പ്രൊഫഷണല്‍ & ട്രെയിനിംഗ് ലീഡായി നിയമിതയായി
Text By: Kurien George
യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണല്‍ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിര്‍വ്വാഹക സമിതി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു.

യുക്മ നഴ്സസ് ഫോറത്തിന്റെ ആരംഭം മുതല്‍ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എന്‍.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതല്‍ നടത്തി വരുന്ന ഓണ്‍ലൈന്‍ ട്രെയിനിംഗ്കളിലും സ്ഥിരമായി സെഷനുകള്‍ ചെയ്ത് വരുന്നു. യു കെ നഴ്സിംഗ് രംഗത്തെ വിവിധ വിഷയങ്ങളെ അധികരിച്ച് തികച്ചും ആധികാരികമായും വളരെ ഭംഗിയായും ട്രെയിനിംഗ് നല്‍കുന്ന സോണിയ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തിന് ചിരപരിചിതയാണ്.

യു എന്‍ എഫ് 2024 മെയ് 11 ന് നോട്ടിംഗ്ഹാമില്‍ വെച്ച് നടത്തിയ നഴ്സസ് ഡേ ദിനാഘോഷത്തിന്റെ ട്രെയിനിംഗ് സെഷന്റെ ചുമതല വളരെ ഭംഗിയായി നിര്‍വ്വഹിച്ചത് സോണിയയുടെ സംഘാടക മികവിന്റെ ഉത്തമ ഉദാഹരണമായിരുന്നു. 2022 - 2025 കാലയളവില്‍ യു.എന്‍.എഫ് നാഷണല്‍ ട്രെയിനിംഗ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന സോണിയയുടെ പ്രൊഫഷണല്‍ യോഗ്യതകളും പ്രവര്‍ത്തന പരിചയവും യു.എന്‍.എഫ് അംഗങ്ങള്‍ക്കും പൊതുവെ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടാവുമെന്ന് യുക്മ ദേശീയ നിര്‍വ്വാഹക സമിതി വിലയിരുത്തി.

ബാര്‍ട്ട്സ് ഹെല്‍ത്ത് എന്‍.എച്ച്.എസ്സ് ട്രസ്റ്റ് ഹോസ്പിറ്റല്‍ എന്‍ ഇ എല്‍ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡ് പ്രോജക്ട് മാനേജര്‍ ആന്‍ഡ് ആര്‍ റ്റി പി പ്രോഗ്രാം ലീഡായി ജോലി ചെയ്യുന്ന സോണിയ തിരക്കേറിയ ഔദ്യോഗിക ചുമതലകള്‍ക്കിടയിലും കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലും നിറസാന്നിദ്ധ്യമാണ്. ബാര്‍ട്ട്സ് ഹെല്‍ത്ത് ഹീറോ അവാര്‍ഡിന് മൂന്ന് തവണ നോമിനേറ്റ് ചെയ്യപ്പെട്ട സോണിയ 2025 മാര്‍ച്ചില്‍ കവന്‍ട്രിയില്‍ വെച്ച് നടന്ന സാസ്സിബോന്‍ഡ് ഇവന്റില്‍ ഇന്‍സ് പിരേഷണല്‍ മദര്‍ അവാര്‍ഡിന് അര്‍ഹയായി.

ഈസ്റ്റ് ലണ്ടന്‍ മലയാളി അസ്സോസ്സിയേഷന്‍ (ELMA 1) അംഗമായ സോണിയ 2024 യുക്മ നാഷണല്‍ കലാമേളയില്‍ പ്രസംഗ മത്സരത്തില്‍ രണ്ടാം സമ്മാനാര്‍ഹയായി. ക്നാനായ യൂണിറ്റ് വൈസ് പ്രസിഡന്റ്, വേദപാഠം ടീച്ചര്‍, ആങ്കര്‍, നാഷണല്‍ പ്രോഗ്രാം ജഡ്ജ്, കോര്‍ഡിനേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള സോണിയ, ഭര്‍ത്താവ് ലൂബി മാത്യൂസ് (അഡൈ്വസര്‍, യു കെ കെ സി എ) മക്കള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സാമന്ത ലൂബി മാത്യൂസ്, സ്റ്റീവ് ലൂബി മാത്യൂസ് എന്നിവരോടൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്.

സോണിയ ലൂബിയുടെ അദ്ധ്യാപന, ട്രെയിനിംഗ് രംഗങ്ങളിലെ ദീര്‍ഘകാലത്തെ പരിചയവും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തനവും യുക്മ നഴ്സിംഗ് പ്രൊഫഷണല്‍ & ട്രെയിനിംഗ് ലീഡ് എന്ന ഉത്തരവാദിത്വമേറിയ റോള്‍ മികച്ച രീതിയില്‍ നിര്‍വ്വഹിക്കുവാന്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window