ഇടുക്കിയിലെ കാന്തല്ലൂര്‍ പഞ്ചായത്തിലെ കുളച്ചിവയല്‍ എന്ന ഗോത്രഗ്രാമത്തില്‍, ആഴത്തില്‍ വേരൂന്നിയ പാരമ്പര്യങ്ങള്‍ക്ക് മുകളില്‍ സ്വപ്നങ്ങള്‍ തുന്നിയെടുത്തൊരു സ്ത്രീയുണ്ട്: സുധാലക്ഷ്മി. പൊതുസമൂഹത്തിലെന്ന പോലെ തലമുറകളായി പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന ആദിവാസി സമൂഹമാണ് മുതുവ വിഭാഗം. സ്ത്രീകള്‍ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത് പോലും അവര്‍ നിരുത്സാഹപ്പെടുത്തുന്നു. ഈ വിഭാഗത്തിലെ സ്ത്രീകളെ ഇന്നും ആര്‍ത്തവ സമയത്ത് ഒറ്റപ്പെട്ട കുടിലുകളില്‍ (വാലായ്മപ്പുര) താമസിപ്പിക്കുന്നു. അപ്രതീക്ഷിതമായി അപരിചിതരായവരെ കണ്ടുമുട്ടിയാല്‍, അവര്‍ കാടിനുള്ളിലേക്കോ മറ്റോ ഒഴിഞ്ഞുമാറും. ഇങ്ങനെ നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യത്തെ മറികടന്നാണ് സുധാലക്ഷ്മി എന്ന ഗോത്രവനിത, വെളിച്ചത്തിളക്കമുള്ള വേദിയിലേക്ക് കയറുന്നത്. കൊച്ചി ആസ്ഥാനമായുള്ള ഓറോറ ഫിലിം കമ്പനി സംഘടിപ്പിക്കുന്ന 'മിസ് കേരള ഫോറസ്റ്റ് ഗോഡസ്' ഫാഷന്‍ ആന്‍ഡ് ഫിറ്റ്‌നസ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇടുക്കിയിലെ ഗോത്ര സമൂഹത്തില്‍ നിന്നുള്ള ഏക മത്സരാര്‍ഥിയാണ് ഈ 29 കാരി.
സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്ന പാരമ്പര്യമുള്ള ഗോത്ര സമൂഹത്തില്‍ ജനിച്ചതിനാല്‍, കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയും സുധാലക്ഷ്മി നടത്തിയ അതിജീവനമാണ് ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നില്‍. 'കാന്തല്ലൂര്‍, മറയൂര്‍ പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കിയ മുതുവാന്‍, മലയപ്പുലയ സമുദായങ്ങളിലെ മറ്റ് ആദിവാസി സ്ത്രീകള്‍ക്ക് ഈ പരിപാടിയെക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും സാമുദായികമായ നിലപാടുകള്‍ അവര്‍ക്ക് അവസരം ലഭിക്കുന്നതിന് തടസ്സമായി,' സുധാലക്ഷ്മി ന്യൂ ഇന്ത്യന്‍ എക്‌സ് പ്രസ്സിനോട് പറഞ്ഞു.
താന്‍ ഉള്‍പ്പെടുന്ന സമുദായത്തിലെ മിക്ക സ്ത്രീകളും പത്താം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയവരാണ്. 'ലിംഗവിവേചനം ശക്തമായതിനാല്‍ തുടര്‍ പഠനം നടത്തുന്നത് ഒരു യഥാര്‍ത്ഥ പോരാട്ടമാണ്,' സുധാലക്ഷ്മി പറയുന്നു. ഉന്നത വിദ്യാഭ്യാസം എന്ന സുധാലക്ഷ്മിയുടെ സ്വപ്നത്തെ, മാതാപിതാക്കള്‍ പിന്തുണച്ചു. അടിമാലിയിലെ ഒരു സ്വകാര്യ കോളേജില്‍ നിന്ന് ഓക്‌സിലറി നഴ്‌സിങ് മിഡ്വൈഫറി (ANM) കോഴ്സിന് ശേഷം, സുധാലക്ഷ്മി തമിഴ്നാട്ടില്‍ നിന്ന് മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ (DMLT) ഡിപ്ലോമ പൂര്‍ത്തിയാക്കി.
ജോലി വാഗ്ദാനങ്ങള്‍ പിന്നാലെ വന്നു, പക്ഷേ എല്ലാം ദൂരെ സ്ഥലങ്ങളില്‍ നിന്നായിരുന്നു. ജീവിതശൈലി രോഗങ്ങളാല്‍ വലയുന്ന മാതാപിതാക്കളില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ സുധ ആ ജോലികള്‍ ഒന്നും സ്വീകരിച്ചില്ല, പകരം, അടുത്തുള്ള മറയൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ലഭിച്ചു, അവിടെ പ്രതിമാസം 2,000 രൂപ ശമ്പളം. എന്നാല്‍, അപകടത്തെത്തുടര്‍ന്ന്,ജോലിയില്‍ പ്രവേശിച്ച് ആറ് മാസമായപ്പോള്‍, അത് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട്, പഴയ തയ്യല്‍ മെഷീന്‍ വാങ്ങി, ട്യൂട്ടോറിയല്‍ വീഡിയോകള്‍ കണ്ട് സുധാലക്ഷ്മി സ്വയം തയ്യല്‍ പഠിച്ചു. വസ്ത്രങ്ങള്‍ തുന്നി നല്‍കുന്നതിന് പുറമെ കുടുംബ ചെലവുകള്‍ക്കായി അവര്‍ താല്‍ക്കാലിക ജോലിയും ചെയ്യുന്നു.
ഗോത്രവനിതകള്‍ക്കായി സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്കുള്ള ക്ഷണം അപ്രതീക്ഷിതമായിരുന്നുവെന്ന് സുധാലക്ഷ്മി പറയുന്നു. എന്നാല്‍ അത് വീണ്ടും സ്വപ്നം കാണാനുള്ള ശക്തി നല്‍കി. 'മെയ് 12 മുതല്‍ 16 വരെ കൊച്ചിയിലാണ് തിരഞ്ഞെടുപ്പും പരിശീലന പ്രക്രിയയും നടന്നത്, ജൂണ്‍ 15 ന് മുമ്പ് ഗ്രാന്‍ഡ് ഫിനാലെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു,' അവര്‍ പറഞ്ഞു. എറണാകുളം, തിരുവനന്തപുരം, വയനാട്, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് തന്റെ സഹ മത്സരാര്‍ത്ഥികളെന്ന് സുധ പറഞ്ഞു. 'ഫലത്തെക്കുറിച്ച് എനിക്ക് ആശങ്കയില്ലെങ്കിലും, പാരമ്പര്യം ലംഘിച്ച് ആത്മാഭിമാനം നേടാനുള്ള അവസരം തന്നെയാണ് ആദിവാസി സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം,' സുധ പറഞ്ഞു.