തിരുവനന്തപുരം: ബംഗളൂരുവിലുള്ള മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഒരു ജനപ്രതിനിധിക്കെതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നതാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. സ്വാധീനമുള്ള പ്രതിക്ക് ജാമ്യം ലഭിക്കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന ആശങ്കയും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേല്‍പ്പിച്ചെന്നും അതിജീവിത മൊഴി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തിയതിനാല്‍ പരാതി നല്‍കാന്‍ വൈകിയതായും, മറ്റൊരു യുവതിയുടെ ബലാത്സംഗ പരാതിയില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് പരാതി നല്‍കാന്‍ ധൈര്യം ലഭിച്ചതെന്നും മൊഴിയിലുണ്ട്.
കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ മറ്റൊരാളിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കരുത്. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. 50,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ആദ്യം രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഡിസംബര്‍ 15ന് പരിഗണിക്കും