ലണ്ടന്‍: യുകെയിലെ സസെക്‌സ് സര്‍വകലാശാലയില്‍ നിന്ന് സിനിമാ സംവിധാനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ 29 -കാരിയായ ഒരു ചൈനീസ് യുവതിയാണ് ഇപ്പോള്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദനങ്ങള്‍ നേടുന്നത്. വലിയൊരു നടിയായി മാറുക എന്നതാണ് ഇവരുടെ സ്വപ്നം. എന്നാല്‍, തന്റെ സ്വപ്നത്തെ പിന്തുണയ്ക്കുന്നതിനായി ബെയ്ജിംഗില്‍ ഒരു റെസ്റ്റോറന്റ് വെയിട്രസായി പാര്‍ട്ട് ടൈം ജോലി ചെയ്യുകയാണത്രെ അവരിപ്പോള്‍. യുവതിയുടെ മനക്കരുത്തിനും അധ്വാനിക്കാനുള്ള മനസിനും വലിയ കയ്യടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ബ്രിട്ടനില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ശേഷം 2021 അവസാനത്തോടെയാണ് യു ഷുട്ടിയന്‍ എന്ന യുവതി സ്വന്തം നാടായ ചൈനയിലേക്ക് മടങ്ങിയത്. 2022 -ല്‍, അവര്‍ ഒരു നാടക ക്ലബ്ബില്‍ ചേര്‍ന്നു. വളരെ പെട്ടെന്നാണ് അവര്‍ നാടകരംഗത്ത് അറിയപ്പെട്ടതും കൂടുതല്‍ അവസരങ്ങള്‍ അവരെ തേടിയെത്തിയതും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, അവര്‍ ഏകദേശം 1,000 കൊമേര്‍ഷ്യല്‍ നാടകങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, 2024 -ല്‍, യു നാടക ക്ലബ്ബിലെ ജോലി ഉപേക്ഷിച്ച് ഫ്രീലാന്‍സിംഗ് തുടങ്ങി യു. കലാപരമായി ഇതവര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയെങ്കിലും സാമ്പത്തികമായ അനിശ്ചിതത്വവും പിന്നാലെ വന്നു. ഒരു ഫ്രീലാന്‍സ് നടി എന്ന നിലയില്‍ കൃത്യമായ വരുമാനം ഇല്ലാത്ത അവസ്ഥ വന്നതോടെ യു, ദിവസവുമുള്ള തന്റെ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനും ഓഡിഷനുകള്‍ക്കുള്ള യാത്രയ്ക്ക് പണം കണ്ടെത്തുന്നതിനുമായി പാര്‍ട്ട് ടൈം ജോലിയിലേക്ക് തിരിയുകയായിരുന്നു. ജൂണില്‍, എക്‌സ്പ്രസ് ഡെലിവറി റൈഡറാകാന്‍ യു അപേക്ഷിച്ചു. എന്നാല്‍, നിരസിക്കപ്പെടുകയായിരുന്നു.
അങ്ങനെ പലതും നോക്കിയെങ്കിലും ഏറ്റവും ഒടുവില്‍ ബെയ്ജിംഗിലെ വിവിധ റെസ്റ്റോറന്റുകളില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന വെയിട്രസ്സായി മാറുകയായിരുന്നു യു. എന്നാല്‍, ഫുള്‍ ടൈം ഒരു റെസ്റ്റോറന്റ് വെയിട്രസ്സായിരിക്കാന്‍ തയ്യാറല്ല അവള്‍. ഒരു നടിയാവുക എന്നതാണ് അവളുടെ സ്വപ്നം. അതിനിടയില്‍ ഇത്തരം ജോലി ചെയ്യേണ്ടി വരുന്നതില്‍ നാണക്കേടില്ല എന്നും എന്നെങ്കിലും നടിയെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുമെന്നുമാണ് യു പറയുന്നത്.