|
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. വോട്ടെടുപ്പ് നവംബര്‍ 6നും 11നും വോട്ടെണ്ണല്‍ നവംബര്‍ 14നും നടക്കും. ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3.92 കോടി പുരുഷന്‍മാരും 3.5 കോടി സ്ത്രീകളുമാണുള്ളത്. 14 ലക്ഷം പുതിയ വോട്ടര്‍മാരാണുള്ളത്. ആകെയുള്ള 90,712 പോളിങ് സ്റ്റേഷനുകളില്‍ 1044 എണ്ണം സ്ത്രീകള്‍ കൈകാര്യം ചെയ്യും. എല്ലായിടത്തും വെബ്കാസ്റ്റ് ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
ഇത്തവണ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നത് എങ്ങനെയാണെന്ന് രാജ്യത്തെ മറ്റുള്ളവര്‍ക്ക് ബിഹാര്‍ കാണിച്ചു കൊടുത്തുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയ ജൂണ്‍ 24 മുതല്‍ ആരംഭിച്ചു. ഓഗസ്റ്റ് 1ന് കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 30ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.
243 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. നവംബര്‍ 22ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞിരുന്നു. വോട്ടെടുപ്പ് 2 ഘട്ടമായി നടത്തണമെന്ന് പ്രതിപക്ഷവും ഒറ്റ ഘട്ടമായി നടത്തണമെന്നു ബിജെപിയും കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. |