Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ നടപ്പാത തുറന്നു
reporter

ലണ്ടന്‍: ചാള്‍സ് രാജാവിന്റെ പേരില്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ നടപ്പാത പൊതുജനങ്ങള്‍ക്ക് തുറന്നു. ഏകദേശം 2,689 മൈല്‍ (4,327 കിലോമീറ്റര്‍) നീളമുള്ള ഈ പാതയ്ക്ക് 'കിങ് ചാള്‍സ് കോസ്റ്റ് പാത്ത്' എന്നാണ് പേരിട്ടിരിക്കുന്നത്.

രാജ്യത്തിന്റെ മുഴുവന്‍ തീരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഈ നടപ്പാതയില്‍ കടല്‍ത്തീരങ്ങള്‍, മലനിരകള്‍, തീരദേശ നഗരങ്ങള്‍ എന്നിവയുടെ മനോഹര കാഴ്ചകള്‍ ആസ്വദിച്ച് കാല്‍നടയായി സഞ്ചരിക്കാം. നാച്ചുറല്‍ ഇംഗ്ലണ്ട് എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കിയത്.

ഏഴു പ്രധാനമന്ത്രിമാരുടെ ഭരണകാലം കടന്നുപോയി 18 വര്‍ഷംകൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമായത്. ഗോര്‍ഡന്‍ ബ്രൗണിന്റെ ഭരണകാലത്താണ് നിയമനിര്‍മാണം നടന്നത്. നിലവില്‍ 80 ശതമാനം പാത തുറന്നുകഴിഞ്ഞു, ശേഷിക്കുന്ന ഭാഗങ്ങള്‍ ഈ വര്‍ഷം അവസാനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

ആയിരം മൈലോളം പുതിയ പാതകള്‍ നിര്‍മിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഈസ്റ്റ് സസെക്‌സിലെ സെവന്‍ സിസ്റ്റേഴ്‌സ് കുന്നുകള്‍ മുതല്‍ ഹാംഷെയറിലെ ചതുപ്പുനിലങ്ങള്‍ വരെ ഉള്‍പ്പെടുന്ന പാതയില്‍ ശാരീരിക പരിമിതികളുള്ളവര്‍ക്ക് സൗകര്യപ്രദമായ ഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ നദികള്‍ കടക്കാന്‍ ഫെറി സര്‍വീസുകള്‍ ഉപയോഗിക്കേണ്ടിവരും; വേലിയേറ്റ സമയത്തിന് അനുസരിച്ച് നടപ്പിന്റെ സമയം ക്രമീകരിക്കേണ്ട സാഹചര്യമുമുണ്ട്.

കാലാവസ്ഥാ വ്യതിയാനവും കടല്‍ക്ഷോഭവും കണക്കിലെടുത്ത് 'റോള്‍ ബാക്ക്' എന്ന രീതിയില്‍ പാതയെ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നിയമാനുമതിയും നല്‍കിയിട്ടുണ്ട്. ഡോര്‍സെറ്റില്‍ ഉണ്ടായ മണ്ണിച്ചിലിനെത്തുടര്‍ന്ന് ഇതിനകം ഇത്തരത്തില്‍ പാത പുനഃസ്ഥാപിച്ചിരുന്നു.

ഭാവിയില്‍ ഈ പാത വെയില്‍സിലെ കോസ്റ്റ് പാത്തുമായി ബന്ധിപ്പിക്കാനും സ്‌കോട്ലന്‍ഡിലെ തീരദേശ പാതകളെയും ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. അങ്ങനെ ബ്രിട്ടനെ മുഴുവനായി ചുറ്റിവരുന്ന ഏകദേശം 9,000 മൈല്‍ നടപ്പാത രൂപപ്പെടും. ദിവസേന 15 മൈല്‍ വച്ച് നടക്കുകയാണെങ്കില്‍, ഇത് പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷത്തോളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്

 
Other News in this category

 
 




 
Close Window