ലണ്ടന്‍: 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് യുകെയിലെ വീടുകളുടെ വില കുതിച്ചുയരുന്നു. ഹാലിഫാക്സ് പുറത്തിറക്കിയ പുതിയ പ്രോപ്പര്‍ട്ടി വില സൂചിക പ്രകാരം ഒക്ടോബറില്‍ വീടുകളുടെ ശരാശരി വില 0.6% വര്‍ധിച്ച് 2,99,862 പൗണ്ടായി ഉയര്‍ന്നു. സെപ്റ്റംബറില്‍ 0.3% വിലക്കുറവ് രേഖപ്പെടുത്തിയതിന് ശേഷമുള്ള ഈ വര്‍ധന വിപണി പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതലാണ്. വാര്‍ഷികമായി 1.9% വില വര്‍ധനയുണ്ടായതായും, സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച 1.5% നിരക്കിനെ മറികടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീട് വാങ്ങാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് വിപണിക്ക് ഉത്തേജനമായതെന്ന് ഹാലിഫാക്സ് മോര്‍ട്ട്‌ഗേജ് വിഭാഗം മേധാവി അമാന്‍ഡ ബ്രൈഡന്‍ വ്യക്തമാക്കി. പുതുതായി അംഗീകരിച്ച മോര്‍ട്ട്‌ഗേജ് വായ്പകളുടെ എണ്ണം ഈ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. എന്നാല്‍ 4% നിരക്കിനടുത്ത് തുടരുന്ന ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് പലിശനിരക്കും, ഉയര്‍ന്ന വീട് വിലയും വാങ്ങുന്നവര്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
നവംബര്‍ 26-നുള്ള ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കാനിരിക്കുന്ന നികുതി മാറ്റങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നെങ്കിലും, വിപണി സ്ഥിരത പുലര്‍ത്തുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 5 ലക്ഷം പൗണ്ടില്‍ കൂടുതലുള്ള വീടുകള്‍ വില്‍ക്കുന്നവരില്‍ നിന്ന് സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം പുതിയ നികുതി ഈടാക്കാനുള്ള സാധ്യത ബജറ്റില്‍ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ വീട് വാങ്ങുന്നവരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയും റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ പങ്കുവെക്കുന്നു.
ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഹൗസിംഗ് വിപണിക്ക് പ്രധാന വെല്ലുവിളിയാകുന്നത്. കടം വര്‍ധിക്കുന്നതും, സ്റ്റോക്ക് മാര്‍ക്കറ്റ് തകരാനുള്ള സാധ്യതയും വിപണിയെ ആശങ്കയിലാഴ്ത്തുന്നു. ഈ ആശങ്കകള്‍ യാഥാര്‍ത്ഥ്യമായാല്‍ ഭവനഉടമകള്‍ക്കും, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തിരിച്ചടിയാകും. ഗവണ്‍മെന്റ് പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പത്ത് വര്‍ഷത്തെ ഗില്‍റ്റിന് 4.4% പലിശയാണ് ഇപ്പോള്‍ നല്‍കുന്നത്. നിക്ഷേപകരുടെ ആശങ്ക തുടരുകയാണെങ്കില്‍ ഈ പലിശ വീണ്ടും ഉയര്‍ന്നേക്കാം. അതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകളും ഉയര്‍ന്നേക്കും.
2022 സെപ്റ്റംബറില്‍ ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷം ഗില്‍റ്റ് നിരക്കുകള്‍ ഉയര്‍ന്നതും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതും ഓര്‍ക്കപ്പെടുന്നു. ഇത്തവണയും ബജറ്റിന് ശേഷം സമാന സാഹചര്യം ആവര്‍ത്തിക്കുമെന്ന ആശങ്കയുണ്ട്.
വാടക നിരക്കുകളും നിയന്ത്രണം വിട്ട നിലയിലാണ്. റെന്റേഴ്സ് റിഫോം കൊളീഷന്റെ റിപ്പോര്‍ട്ട് പ്രകാരം, വരുമാനത്തിന്റെ 44% വരെ വാടകയ്ക്കായി മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. ലണ്ടനില്‍ വാടകയ്ക്ക് നല്‍കാനായി പരസ്യപ്പെടുത്തിയ വീടുകളുടെ ശരാശരി നിരക്ക് 2736 പൗണ്ടാണ്. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.6% വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.