ലണ്ടന്‍: യുകെയില്‍ ആദ്യത്തെ നിര്‍മ്മിത ബുദ്ധി (എഐ) നഗരത്തിന്റെ രൂപരേഖ ഹൗസിംഗ് സെക്രട്ടറി വെളിപ്പെടുത്തി. പുതിയ ആധുനിക ഉദ്യാന നഗരങ്ങളിലെ പ്രധാന ഭാഗങ്ങളിലെയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. റോഡുകള്‍, ഷോപ്പുകള്‍, കെയര്‍ ഹോമുകള്‍ തുടങ്ങി നഗരത്തിന്റെ വിവിധ ഘടകങ്ങള്‍ എഐയും റോബോട്ടിക്‌സും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യം. ഭാവിയിലെ നഗരങ്ങള്‍ പൂര്‍ണമായും സാങ്കേതികതയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതായിരിക്കും എന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി മൂന്ന് പുതിയ പട്ടണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുമെന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. പുതിയ പട്ടണങ്ങള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ 12 ഇടങ്ങളുടെ പട്ടിക ഒരു സ്വതന്ത്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടില്‍ 15 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ 'ഭാവിയുടെ പട്ടണങ്ങള്‍' പദ്ധതി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ബ്രിട്ടനില്‍ നിര്‍മ്മിച്ച ഉദ്യാന നഗരങ്ങളുടെ മാതൃകയിലാണ് പുതിയ നഗരങ്ങള്‍ രൂപകല്‍പന ചെയ്യുന്നത്. പരിസ്ഥിതി സൗഹൃദവും സാങ്കേതികതയുമായി ഒത്തുചേരുന്ന ഈ നഗരങ്ങള്‍ ഭാവിയിലെ ബ്രിട്ടന്റെ ആധുനികതയുടെ പ്രതീകമാകുമെന്ന് പ്രതീക്ഷ.