Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ല: സര്‍ക്കാര്‍ വിമര്‍ശനം കുറ്റമല്ലെന്ന് ഹൈക്കോടതി
reporter

കൊച്ചി: സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിന്റെ പേരില്‍ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭരണഘടന ഈ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുവെന്നും, വിമര്‍ശനത്തിനുള്ള അവകാശം അതിലുള്‍പ്പെടുന്നതാണെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ചിന്തിക്കാനും പ്രതികരിക്കാനും പൗരന്‍ അവകാശപ്പെട്ടവനാണ്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും വിയോജിപ്പുകളും അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കരുതെന്നും നേരിട്ട് നല്‍കുന്നതാണ് നല്ലതെന്നും സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അവശ്യസേവനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയിരുന്നു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പൊതുജീവിതക്രമത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങളിലാണ് അഭിപ്രായപ്രകടനം നിയന്ത്രിക്കാനാകുക. എന്നാല്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നത് ഈ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.

ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയമത്തില്‍ പറയുന്ന അവശ്യസേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നും, രാജ്യത്തിനെതിരായ ആഹ്വാനങ്ങളോ ജനങ്ങളെ ഭീതിപ്പെടുത്തുന്ന പ്രസ്താവനകളോ ഈ കേസില്‍ ഇല്ലെന്നും കോടതി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് മനുവിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്.

 
Other News in this category

 
 




 
Close Window