ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും വാര്‍ത്താ വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഡെബോറ ടര്‍ണസും രാജിവെച്ചു. ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ രാജി സ്വന്തം തീരുമാനപ്രകാരമാണെന്ന് ഡേവി വ്യക്തമാക്കി.
''ബിബിസി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പക്ഷേ, ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു,'' - ഡേവി പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ ഡയറക്ടര്‍ ജനറലിനെ കണ്ടെത്താന്‍ ബിബിസി ബോര്‍ഡുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിവാദം ബിബിസിയെ മോശമായി ബാധിച്ചു: ഡെബോറ ടര്‍ണസ്
''പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദം, ഞാന്‍ സ്‌നേഹിക്കുന്ന ബിബിസിയെ മോശമായി ബാധിച്ചു. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും ബിബിസി പക്ഷപാതപരമായി പെരുമാറുന്നു എന്ന ആരോപണം തെറ്റാണ്,'' - രാജിയ്ക്ക് പിന്നാലെ ഡെബോറ ടര്‍ണസ് പ്രതികരിച്ചു.
2021ലെ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചെന്ന തോന്നല്‍ നല്‍കുന്ന രീതിയില്‍ അദ്ദേഹത്തിന്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങള്‍ ചേര്‍ത്താണ് ട്രംപ്: എ സെക്കന്‍ഡ് ചാന്‍സ് എന്ന പനോരമ ഡോക്യുമെന്ററി തയ്യാറാക്കിയതെന്നായിരുന്നു ആരോപണം. കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്ത ഈ ഡോക്യുമെന്ററിയെക്കുറിച്ചാണ് വിവാദം ഉയര്‍ന്നത്.
ഇതുമായി ബന്ധപ്പെട്ട് ബിബിസിയിലെ ആഭ്യന്തര മെമ്മോ ചോര്‍ന്നതും വിവാദം ശക്തമാക്കുകയായിരുന്നു. മെമ്മോ ബിബിസി എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മിറ്റിയുടെ മുന്‍ ഉപദേഷ്ടാവായ മൈക്കല്‍ പ്രെസ്‌കോട്ടില്‍ നിന്നാണ് ചോര്‍ന്നതെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.