ലണ്ടന്‍: ലേബര്‍ സര്‍ക്കാരിന്റെ വരാനിരിക്കുന്ന ബജറ്റിനെക്കുറിച്ച് ആശ്വാസം നല്‍കുന്ന വാര്‍ത്തകളില്ല; മറിച്ച്, കൗണ്‍സില്‍ ടാക്സ് ബില്ലുകള്‍ 10 ശതമാനം വരെ ഉയര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തമാകുന്നതായി ദി ഐ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
യുകെയിലെ വിവിധ പ്രദേശങ്ങളില്‍ ഹിതപരിശോധന കൂടാതെ ടാക്സ് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ നിലവിലുണ്ട്. ലണ്ടനിലെ ലോക്കല്‍ അതോറിറ്റികള്‍ക്ക് 5 ശതമാനത്തിന് മുകളിലേക്ക് കൗണ്‍സില്‍ ടാക്സ് കൂട്ടാന്‍ ജനങ്ങളുടെ അനുമതി തേടേണ്ടതില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
ഫണ്ടിംഗ് മോഡല്‍ പരിഷ്‌കരിക്കുന്നു
ലോക്കല്‍ ഗവണ്‍മെന്റുകള്‍ നേരിടുന്ന സാമ്പത്തിക നഷ്ടങ്ങള്‍ നികത്താനാണ് ഈ നീക്കങ്ങള്‍ ലക്ഷ്യമിടുന്നത്. 'ഫെയര്‍ ഫണ്ടിംഗ് മോഡല്‍' എന്ന പേരിലാണ് ചാന്‍സലര്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ അവതരിപ്പിക്കുന്നത്. മധ്യ ലണ്ടനില്‍ താമസിക്കുന്നവര്‍ക്ക് ഈ മാറ്റം വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തല്‍.
മൂന്ന് വര്‍ഷത്തെ ഘട്ടപരിഷ്‌ക്കാരം
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങളുടെ ആദ്യഘട്ടമാണ് നിലവിലുള്ള നീക്കങ്ങള്‍. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിലെ ആറ് കൗണ്‍സിലുകള്‍ക്ക് 10 ശതമാനം വരെ കൗണ്‍സില്‍ ടാക്സ് വര്‍ദ്ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നിലവിലുള്ള നിയമപ്രകാരം 4.99% മുകളിലുള്ള നികുതി വര്‍ദ്ധനയ്ക്ക് ഹിതപരിശോധന ആവശ്യമാണ്. എന്നാല്‍ ഈ നിബന്ധന ഒഴിവാക്കുന്നതിലൂടെ കൗണ്‍സിലുകള്‍ക്ക് സ്വതന്ത്രമായി നികുതി വര്‍ദ്ധിപ്പിക്കാനുള്ള അവസരമൊരുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.