Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
 
 
UK Special
  Add your Comment comment
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കും; മോര്‍ട്ട്ഗേജ് പോര് ശക്തമാകുന്നു
reporter

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ആഴ്ച അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്നത് ഉറപ്പായതോടെ ബ്രിട്ടനിലെ ബാങ്കുകള്‍ തമ്മിലുള്ള മോര്‍ട്ട്ഗേജ് പോര് ശക്തമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പലിശ നിരക്ക് താഴുന്നത്. ജനുവരിയില്‍ നിരക്കുകള്‍ 3.5 ശതമാനത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയും ശക്തമായി.

ബ്രിട്ടനിലെ ഏറ്റവും വലിയ വായ്പാ ദാതാവായ ഹാലിഫാക്‌സ് അവരുടെ ഫിക്‌സ്ഡ് റേറ്റ് ഡീലുകളില്‍ 0.17 ശതമാനം വരെ കുറവ് വരുത്തി. ഇപ്പോള്‍ 3.57 ശതമാനം പലിശ നിരക്കില്‍ വരെയുള്ള ഡീലുകളാണ് ഹൈസ്ട്രീറ്റ് ബാങ്ക് ഓഫര്‍ ചെയ്യുന്നത്.

ഈയാഴ്ച തന്നെ പല വായ്പാ ദാതാക്കളും പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹാലിഫാക്‌സിന്റെ വന്‍ ഇളവ്. നേരത്തേ നാറ്റ്വെസ്റ്റ്, ബാര്‍ക്ലേസ്, നേഷന്‍വൈഡ് എന്നിവരും പലിശ കുറച്ചിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് സാന്റാന്‍ഡേഴ്‌സ് പ്രഖ്യാപിച്ച 3.51 ശതമാനത്തിന്റെ ഡീലാണ്. പുതുവത്സരാരംഭത്തിലും നിരക്കുകള്‍ വീണ്ടും താഴുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. 3 ശതമാനം വരെ പലിശ നിരക്ക് താഴാനിടയുണ്ടെന്നും അവര്‍ പറയുന്നു.

40 ശതമാനം ഡെപ്പോസിറ്റ് നല്‍കി മോര്‍ട്ട്ഗേജിന് ശ്രമിക്കുന്നവര്‍ക്ക് ഇപ്പോള്‍ 3.65 ശതമാനത്തിന് താഴെ പലിശ നിരക്കുള്ള അഞ്ച് ഡീലുകള്‍ ലഭ്യമാണ്. റീമോര്‍ട്ട്ഗേജിന് ശ്രമിക്കുന്നവര്‍ക്കും കുറഞ്ഞ നിരക്കിലുള്ള ഓഫറുകള്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും മികച്ചതായി കണക്കാക്കുന്നത് നാറ്റ് വെസ്റ്റിന്റെ 3.66 ശതമാനം നിരക്കിലുള്ള രണ്ട് വര്‍ഷത്തെ ഡീലാണ്. എന്നാല്‍ ഇതിന് 1,454 പൗണ്ടിന്റെ ഫീസ് ഉണ്ടെന്നത് ശ്രദ്ധേയമാണ്. അടുത്ത വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്ക് 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനമാക്കി കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, റേച്ചല്‍ റീവ്സിന്റെ ബജറ്റ് മൂലം പണപ്പെരുപ്പം താഴുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ബാങ്ക്. അടുത്ത വര്‍ഷം അരശതമാനം പോയിന്റ് വരെ പണപ്പെരുപ്പം കുറയുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടല്‍. 26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനയും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നതും 2026 മധ്യത്തോടെ പണപ്പെരുപ്പം 0.5 ശതമാനം പോയിന്റ് താഴാന്‍ കാരണമാകുമെന്ന് കരുതുന്നു.

എന്നാല്‍ റീവ്സിന്റെ നികുതി ചുമത്തല്‍ തല്‍ക്കാലത്തേക്ക് പണപ്പെരുപ്പം കുറയ്ക്കുമെങ്കിലും മറ്റ് നയങ്ങള്‍ നിരക്ക് കൂടാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. തൊഴില്‍ ചെലവുകള്‍ ഉയര്‍ന്നതോടെ ബിസിനസുകള്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്നതാണ് ഇതിന് ഇടയാക്കുന്നത്

 
Other News in this category

 
 




 
Close Window