ലണ്ടന്‍: ബ്രിട്ടനിലെ പൊതുജനാരോഗ്യ സംവിധാനമായ എന്‍എച്ച്എസില്‍ കാര്യക്ഷമത കുറഞ്ഞ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി റെക്കോര്‍ഡ് വേഗത്തില്‍ തുടരുന്നു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പ്രഖ്യാപിച്ച 'സീറോ ടോളറന്‍സ്' നയത്തിന്റെ ഭാഗമായി കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നടപടിയാണിത്.
2024-25 കാലയളവില്‍ മാത്രം ഏകദേശം 7,000 ജീവനക്കാരെയാണ് എന്‍എച്ച്എസില്‍ നിന്ന് പുറത്താക്കിയത്. രണ്ടുവര്‍ഷം മുമ്പ് ഇത് 4,000 ആയിരുന്നു. 2011ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പിരിച്ചുവിടപ്പെട്ടവരില്‍ പകുതിയിലധികം പേരും ''ജോലി ചെയ്യാനുള്ള അപ്രാപ്തി'' മൂലമാണ് പുറത്തായത്. നിലവാരം പാലിക്കാത്തവര്‍ക്കും ജോലി കൃത്യമായി പൂര്‍ത്തിയാക്കാത്തവര്‍ക്കുമെതിരെയാണ് കര്‍ശന നടപടി. ''മോശം പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ഇനി സ്ഥാനക്കയറ്റമോ പാരിതോഷികങ്ങളോ നല്‍കില്ല; പരാജയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല'' - വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി.
മാനേജര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ 'ലീഗ് ടേബിളുകള്‍' തയ്യാറാക്കുമെന്നും വീഴ്ച വരുത്തുന്ന ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുറത്താക്കപ്പെടുന്ന ഒരാളെ പകരം നിയമിക്കാന്‍ എന്‍എച്ച്എസിന് ശരാശരി £6,500 ചെലവ് വരുന്നുണ്ടെങ്കിലും, ആരോഗ്യ സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടി അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കും ഇന്‍ഫ്‌ലുവന്‍സ വ്യാപനവും കാരണം എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. കാര്യക്ഷമതയുള്ള ജീവനക്കാരെ മാത്രം നിലനിര്‍ത്തി 10 വര്‍ഷത്തെ ആരോഗ്യ പദ്ധതി വിജയിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മുന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കി, നേരത്തെ എന്‍എച്ച്എസ് മാനേജര്‍മാര്‍ക്കെതിരെ നടപടി എടുക്കാന്‍ മടിച്ചിരുന്നുവെന്നും ഇനി പുറത്താക്കപ്പെട്ടവര്‍ക്ക് മറ്റിടത്ത് നിയമനം നേടാന്‍ അനുവദിക്കില്ലെന്നും. അതേസമയം, വീഴ്ച വരുത്തുന്നവര്‍ക്ക് ശിക്ഷയ്ക്കൊപ്പം ആവശ്യമായ പരിശീലനം നല്‍കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും മന്ത്രാലയം സ്വീകരിക്കുന്നുണ്ട്