ലണ്ടന്‍: പാക്കിസ്ഥാന്‍ സംയുക്ത പ്രതിരോധ സേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെതിരെ ആക്രമണമുണ്ടാകുമെന്ന് പരസ്യമായി പറഞ്ഞ ഒരു സ്ത്രീയുടെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടന്റെ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ മാറ്റ് കാനലിനെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തി.
ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പിന്തുണച്ച് യുകെയിലെ ബ്രാഡ്‌ഫോര്‍ഡില്‍ സംഘടിപ്പിച്ച റാലിയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. അസിം മുനീര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുമെന്നായിരുന്നു പ്രസ്താവന. രാഷ്ട്രീയ പ്രസംഗത്തിന്റെ അതിരുകള്‍ ലംഘിച്ച് വ്യക്തമായ സുരക്ഷാ ഭീഷണിയായി മാറിയെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണം ആവശ്യപ്പെട്ടു.
ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ യുകെ ഘടകം വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. കാര്‍ ബോംബ് പരാമര്‍ശം അഭിപ്രായ സ്വാതന്ത്ര്യമായി ന്യായീകരിക്കാനാവില്ലെന്നും അത് എല്ലാ അതിരുകളും ലംഘിച്ചുവെന്നും പാക്കിസ്ഥാന്‍ ആഭ്യന്തര സഹമന്ത്രി തലാല്‍ ചൗധരി ആരോപിച്ചു. പിടിഐ സൈന്യത്തിനെതിരെ ശത്രുത വളര്‍ത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി