Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ യുവാക്കള്‍ക്കായി പുതിയ 'ഗ്യാപ് ഇയര്‍' സൈനിക പരിശീലന പദ്ധതി
reporter

ലണ്ടന്‍: ആഗോളതലത്തില്‍ യുദ്ധഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യരക്ഷയ്ക്കായി യുവജനങ്ങളെ സജ്ജരാക്കാന്‍ ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം പുതിയ 'ഗ്യാപ് ഇയര്‍' (Gap Year) സൈനിക പരിശീലന പദ്ധതി പ്രഖ്യാപിച്ചു. 25 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പൈലറ്റ് പ്രോജക്റ്റ് 2026 മാര്‍ച്ചില്‍ ആരംഭിക്കും.

സൈനിക ജീവിതം പരിചയപ്പെടുത്തുന്നതിനൊപ്പം അച്ചടക്കവും പ്രായോഗിക നൈപുണ്യങ്ങളും വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ 150 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളത്തോടു കൂടിയ രണ്ട് വര്‍ഷത്തെ പ്ലേസ്മെന്റാണ് ആര്‍മിയില്‍ ലഭിക്കുക. റോയല്‍ നേവിയില്‍ ഇത് ഒരു വര്‍ഷമായിരിക്കും. റോയല്‍ എയര്‍ഫോഴ്സും സമാനമായ പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്.

13 ആഴ്ചത്തെ അടിസ്ഥാന സൈനിക പരിശീലനത്തിന് ശേഷം ഇവര്‍ക്ക് സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവരെ സജീവ യുദ്ധമുഖങ്ങളില്‍ വിന്യസിക്കില്ല. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സൈന്യത്തില്‍ തന്നെ തുടരണമെന്ന് നിര്‍ബന്ധമില്ല; മറ്റ് തൊഴില്‍ മേഖലകളിലേക്ക് മാറാനുള്ള സ്വാതന്ത്ര്യമുണ്ടാകും.

റഷ്യയില്‍ നിന്നുള്ള ഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, സൈന്യം മാത്രമല്ല സമൂഹമൊന്നാകെ രാജ്യരക്ഷയ്ക്കായി സജ്ജരാകണം എന്ന 'Whole of Society Approach' നയത്തിന്റെ ഭാഗമായാണ് പദ്ധതി. ബ്രിട്ടന്റെ ജനങ്ങള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് സൈനിക മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സര്‍ റിച്ച് നൈറ്റണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഓസ്ട്രേലിയയില്‍ വിജയകരമായി നടപ്പിലാക്കുന്ന ഗ്യാപ് ഇയര്‍ പദ്ധതിയുടെ മാതൃകയിലാണ് ബ്രിട്ടനും ഇത് നടപ്പിലാക്കുന്നത്. ഭാവിയില്‍ പ്രതിവര്‍ഷം ആയിരത്തിലധികം യുവാക്കളെ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും സൈന്യത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി വ്യക്തമാക്കി

 
Other News in this category

 
 




 
Close Window