Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ മദ്യപാനം ഗണ്യമായി കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ബ്രിട്ടനിലെ ജനങ്ങള്‍ക്കിടയില്‍ മദ്യപാന ശീലം ഗണ്യമായി കുറഞ്ഞതായി പുതിയ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുപ്പത്തഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് നിലവില്‍ ഏറ്റവും കുറഞ്ഞ അളവിലാണ് മദ്യപാനം.

ഗവേഷണ സ്ഥാപനമായ IWSR പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഒരു ബ്രിട്ടിഷ് പൗരന്‍ ആഴ്ചയില്‍ ശരാശരി 10.2 ഡ്രിങ്കുകള്‍ മാത്രമാണ് കഴിച്ചത്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇത് 14 ഡ്രിങ്കുകളായിരുന്നു. പ്രായമായവരുടെ എണ്ണം വര്‍ധിച്ചതും, ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള പുതിയ തലമുറയുടെ അവബോധവും, കൂടാതെ ഉയര്‍ന്നുവരുന്ന ജീവിതച്ചെലവ് മൂലം പബ്ബുകളിലും റസ്റ്ററന്റുകളിലും പോകുന്നത് കുറയുന്നതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഇല്ലെങ്കിലും, ഉപയോഗിക്കുന്ന അളവില്‍ മിതത്വം പാലിക്കാന്‍ ബ്രിട്ടിഷുകാര്‍ ശ്രദ്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ക്രിസ്മസ്, ന്യൂ ഇയര്‍ പോലുള്ള ആഘോഷങ്ങള്‍ക്കിടയിലും മദ്യപാനം നിയന്ത്രിക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്.

ചാരിറ്റി സംഘടനയായ ഡ്രിങ്ക് അവെയര്‍ നടത്തിയ സര്‍വ്വേ പ്രകാരം 73% ആളുകളും ആഘോഷങ്ങള്‍ക്കിടയില്‍ മദ്യപാനം മിതപ്പെടുത്താന്‍ ശ്രമിക്കുന്നതായി കണ്ടെത്തി. എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്ന സുരക്ഷിതമായ അളവായ ആഴ്ചയില്‍ 14 യൂണിറ്റിലും താഴെയായി മദ്യപാനം നിലനിര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. കുറഞ്ഞ അളവില്‍ മദ്യം അടങ്ങിയതോ, ഒട്ടും മദ്യം ഇല്ലാത്തതോ ആയ രുചികരമായ പാനീയങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്നത് മദ്യപാന ശീലം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാണെന്നും ഡ്രിങ്ക് അവെയര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, പൊതുവേ മദ്യപാനം കുറയുന്നുണ്ടെങ്കിലും ഇപ്പോഴും പലരും ആരോഗ്യ പരിധിക്ക് മുകളിലാണ് മദ്യപിക്കുന്നതെന്ന ആശങ്ക വിദഗ്ദ്ധര്‍ പങ്കുവെക്കുന്നു. 10 വലിയ ഗ്ലാസ് വൈന്‍ ഏകദേശം 30 യൂണിറ്റ് ആല്‍ക്കഹോളിന് തുല്യമാണ്, ഇത് അനുവദനീയമായ പരിധിയേക്കാള്‍ വളരെ കൂടുതലാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം

 
Other News in this category

 
 




 
Close Window