ഇംഗ്ലണ്ടില്‍ ഫാമിലി ഡോക്ടറെ കാണുന്നതിനുള്ള കാത്തിരിപ്പ് കാലയളവ് റെക്കോര്‍ഡ് തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഓട്ടം സീസണില്‍ (സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍) നാല് ആഴ്ചയ്ക്കുമുകളില്‍ കാത്തിരിക്കേണ്ടിവന്നത് 7.6 മില്ല്യണ്‍ രോഗികള്‍ക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-ലെ സമാന കാലയളവിനെ അപേക്ഷിച്ച് 312,112 പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലേബര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം പരാജയപ്പെട്ടുവെന്ന ആരോപണവുമായി ലിബറല്‍ ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ പരിശോധിച്ച പാര്‍ട്ടി, സ്ഥിതി ഗുരുതരമാണെന്നും, രോഗികള്‍ക്ക് ഏഴ് ദിവസത്തിനുള്ളിലോ അത്യാവശ്യ ഘട്ടങ്ങളില്‍ 24 മണിക്കൂറിനുള്ളിലോ ജിപിയെ കാണാന്‍ കഴിയുന്ന വിധത്തില്‍ 'രക്ഷാപാക്കേജ്' നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
കുടുംബ ഡോക്ടറെ കണ്ടുകിട്ടാനുള്ള ബുദ്ധിമുട്ട് രോഗികളെ ഉത്കണ്ഠയിലാഴ്ത്തുകയും, വേദനയില്‍ കഴിയേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി, ഇപ്പോള്‍ തന്നെ നിറഞ്ഞുകവിഞ്ഞ എ&ഇ (Accident & Emergency) വിഭാഗങ്ങളിലേക്ക് രോഗികള്‍ ഒഴുകുകയാണ്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നവംബറില്‍ മാത്രം 1,770,148 പേര്‍ക്കാണ് ജിപി അപ്പോയിന്റ്മെന്റിനായി ഒരു മാസത്തിലേറെ കാത്തിരിക്കേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലേബര്‍ അധികാരത്തിലെത്തിയതിന് ശേഷം 246,625 പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ മാസത്തിലെ കാത്തിരിപ്പ് ഏറ്റവും ദുരിതമേറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും രണ്ടാഴ്ചയ്ക്കുമുകളില്‍ അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സൗത്ത് വെസ്റ്റ് മേഖലയിലാണ് രോഗികള്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത്