ലണ്ടന്‍: ബ്രിട്ടനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ നിരാഹാര സമരം 45 ദിവസം പിന്നിടുമ്പോള്‍ ഇവരുടെ ആരോഗ്യനിലയില്‍ കടുത്ത ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയിലെ എട്ട് അംഗങ്ങളാണ് ഇസ്രയേലിന് ആയുധം നല്‍കുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടുക, വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം ആരംഭിച്ചത്. ഇതില്‍ നാല് പേര്‍ ഇപ്പോഴും നിരാഹാര സമരം തുടരുന്നു.
എച്ച്.എം.പി പീറ്റര്‍ബറോ ജയിലില്‍ കഴിയുന്ന കാമറാന്‍ അഹമ്മദിനെ ഇതിനോടകം നാല് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ശരീരത്തില്‍ അനിയന്ത്രിതമായ വിറയലും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് അദ്ദേഹം.
മറ്റ് തടവുകാരായ ഹെബ മുറൈസി, ട്യൂട്ട ഹോക്‌സ, ടൈപ്പ് 1 പ്രമേഹരോഗിയായ ലൂയി ചിയാരാമെല്ലോ എന്നിവരും നിരാഹാരത്തില്‍ തുടരുന്നു. 46 ദിവസമായി ഭക്ഷണം ഉപേക്ഷിച്ച ട്യൂട്ട ഹോക്‌സയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്നും സഹോദരി വെളിപ്പെടുത്തി.
അതേസമയം, 49 ദിവസം സമരം ചെയ്ത ആമി ഗാര്‍ഡിനര്‍-ഗിബ്‌സണ്‍ ഉള്‍പ്പെടെ നാല് പേര്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. മെഡിക്കല്‍ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ പിന്നീട് സമരം തുടര്‍ന്നേക്കുമെന്നാണ് സൂചന.
ജയില്‍ അധികൃതര്‍ തടവുകാര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിചാരണ നീണ്ടുപോകുന്നതും ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളുമാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം.
പലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ ഒരു വര്‍ഷത്തിലേറെയായി വിചാരണ തടവുകാരായി കഴിയുകയാണ്. കുറ്റാരോപിതര്‍ക്ക് മതിയായ നീതി ലഭിക്കുന്നില്ലെന്നും മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഇവരെ പിന്തുണക്കുന്നവര്‍ ആരോപിക്കുന്നു