ലണ്ടന്‍: ബ്രിട്ടിഷ് പൊലീസ് സേനയില്‍ മുസ്ലിം വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി നൂതനമായ 'മാഗ്‌നറ്റിക് ഹിജാബുകള്‍' (Magnetic Hijabs) അവതരിപ്പിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം മതപരമായ വിശ്വാസങ്ങള്‍ സംരക്ഷിക്കാനും സഹായിക്കുന്ന രീതിയിലാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്.
ലെസ്റ്റര്‍ഷെയര്‍ പൊലീസ് വിജയകരമായി നടപ്പിലാക്കിയ ഈ പദ്ധതി രാജ്യത്തെ മറ്റ് പൊലീസ് സേനകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. 'ബ്ലൂ ലൈറ്റ് ഹിജാബ്' എന്ന് പേരിട്ടിരിക്കുന്ന ഈ വസ്ത്രം രണ്ട് ഭാഗങ്ങളായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവ തമ്മില്‍ കാന്തം ഉപയോഗിച്ചാണ് ഘടിപ്പിച്ചിരിക്കുന്നത്. പ്രതികളുമായുള്ള ഏറ്റുമുട്ടലിലോ ഉന്തും തള്ളും ഉണ്ടാകുന്ന സാഹചര്യങ്ങളിലോ ആരെങ്കിലും ഹിജാബില്‍ ബലമായി പിടിച്ചു വലിച്ചാല്‍, കഴുത്തിന് പരുക്കേല്‍ക്കാത്ത വിധം ഇതിന്റെ താഴത്തെ ഭാഗം വേര്‍പെട്ടു പോകും. എന്നാല്‍ ഉദ്യോഗസ്ഥയുടെ തലയിലെ മറ മാറാത്ത രീതിയിലാണ് ക്രമീകരണം.
ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് മൂന്ന് വര്‍ഷത്തെ ഗവേഷണത്തിലൂടെയാണ് ലെസ്റ്റര്‍ഷെയര്‍ പൊലീസ് ഈ ഡിസൈന്‍ വികസിപ്പിച്ചത്. ലണ്ടനില്‍ നടന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കിടയില്‍ ഒരു വനിതാ ഓഫിസറുടെ ഹിജാബ് പ്രതിഷേധക്കാര്‍ വലിച്ചൂരി മാറ്റിയ സംഭവം വലിയ വിവാദമായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥരുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാന്‍ പുതിയ ഹിജാബ് സഹായിക്കും.
നിലവില്‍ ബ്രിട്ടിഷ് പൊലീസ് സേനയില്‍ മുസ്ലിം സാന്നിധ്യം 2.5 ശതമാനം മാത്രമാണ്. എന്നാല്‍ രാജ്യത്തെ ജനസംഖ്യയില്‍ ആറ് ശതമാനത്തോളം മുസ്ലിങ്ങളുണ്ട്. ഈ അന്തരം കുറയ്ക്കാനും കൂടുതല്‍ പേരെ സേനയിലേക്ക് ആകര്‍ഷിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ലെസ്റ്റര്‍ഷെയര്‍ പൊലീസിലെ എല്ലാ മുസ്ലിം വനിതാ ഉദ്യോഗസ്ഥര്‍ക്കും ഇതിനകം ഈ ഹിജാബ് വിതരണം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഇത് ലഭ്യമാക്കും. വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ജോലി ചെയ്യാന്‍ പുതിയ ഹിജാബ് സഹായിക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കിയ ഡിറ്റക്റ്റീവ് സര്‍ജന്റ് യാസിന്‍ ദേശായി വ്യക്തമാക്കി