പത്തനംതിട്ട: ലണ്ടനിലെ തിരക്കേറിയ ബസില്‍ മലയാളി യുവതികള്‍ക്ക് നേരെ നടന്ന കത്തി ആക്രമണം ഭീതിയുണര്‍ത്തി. പ്രകോപനമില്ലാതെ ഇന്ത്യക്കാരെ ലക്ഷ്യമാക്കി ഒരു സ്ത്രീ ആക്രമണം നടത്തിയതോടെ പത്തനംതിട്ടയും പുനലൂറും സ്വദേശികളായ മൂന്ന് യുവതികള്‍ക്ക് പരിക്കേറ്റു.
ക്രൊയ്‌ഡോണില്‍നിന്ന് ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ, സെയ്ന്റ് ലിയോണാസ് സ്ട്രീറ്റ് ബസ് സ്റ്റോപ്പില്‍നിന്ന് രണ്ടാമത്തെ ബസില്‍ കയറിയപ്പോഴാണ് സംഭവം. മെലിഞ്ഞും മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന സ്ത്രീ, ഇന്ത്യക്കാരെ ചീത്തവിളിക്കുകയും കത്തിയെടുത്ത് വീശുകയും ചെയ്തു.
ആക്രമണത്തില്‍ പത്തനംതിട്ട മാടപ്പള്ളില്‍ സ്വദേശിനി സോബി (37), മാക്കാംകുന്ന് സ്വദേശിനി ഡെയ്‌സി (35), പുനലൂര്‍ സ്വദേശിനി അക്ഷിത (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വയറിന് ചവിട്ടേറ്റ അക്ഷിത വേദനകൊണ്ട് നിലത്തുവീണു. തടയാന്‍ ശ്രമിച്ചപ്പോള്‍ സോബിക്ക് മര്‍ദനമേറ്റു. കൈയിലെ കത്തി മറ്റുള്ളവരെ ലക്ഷ്യമാക്കി വീശിയപ്പോള്‍ യാത്രക്കാരാണ് അക്രമിയെ കീഴ്പ്പെടുത്തിയത്.
ബ്രിട്ടീഷ് സമയം ഞായറാഴ്ച രാവിലെ 7.30-ഓടെയാണ് സംഭവം നടന്നത്. അന്ന് സോബി നാട്ടിലുള്ള ഭര്‍ത്താവ് ജോണ്‍പോളുമായി വീഡിയോ കോള്‍ നടത്തുകയായിരുന്നു. ആക്രമണം നേരിട്ട് കണ്ട ഭര്‍ത്താവും മക്കളും പരിഭ്രാന്തരായി.
പോലീസ് എത്തി സ്ത്രീയെ അറസ്റ്റുചെയ്തു. മയക്കുമരുന്നിന് അടിമയായ 40 വയസ്സിനടുത്ത് പ്രായമുള്ള സ്ത്രീയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ യുവതികള്‍ ചികിത്സയ്ക്കുശേഷം രാത്രി ആശുപത്രി വിട്ടു. ഇവര്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനും നോര്‍ക്കയ്ക്കും പരാതിനല്‍കിയിട്ടുണ്ട്.
''ഇന്ത്യന്‍സ്'' എന്നു വിളിച്ചായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ മലയാളി സമൂഹം ഭീതിയും ആശങ്കയും പ്രകടിപ്പിക്കുന്നു