പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് (NHS) അതീവ സമ്മര്‍ദത്തിലാണെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് തണുപ്പിനുള്ള ഹെല്‍ത്ത് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതോടെ രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന ആശങ്ക ശക്തമാണ്.
ഫ്ളൂ ബാധിച്ച രോഗികളുടെ എണ്ണം ഇപ്പോള്‍ കുറയുന്നുണ്ടെങ്കിലും, താപനില താഴ്ന്നതോടെ ആശുപത്രികള്‍ അപകടകരമായ സമ്മര്‍ദത്തിലാണെന്ന് അധികൃതര്‍ പറയുന്നു. ഡിസംബര്‍ 21 അവസാനിച്ച ആഴ്ചയില്‍ ശരാശരി 3061 ഫ്ളൂ രോഗികളാണ് ഓരോ ദിവസവും ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. അതേസമയം 95% ബെഡുകളും നിറഞ്ഞ് കിടക്കുന്നതിനാല്‍ ആശുപത്രികള്‍ പ്രവര്‍ത്തന സമ്മര്‍ദം നേരിടുകയാണ്.
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഇപ്പോള്‍ തണുപ്പ് കാലാവസ്ഥ മൂലമുള്ള ആംബര്‍ ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും ഇതിന് പ്രാബല്യമുണ്ടാകും.
മുന്‍പ് നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ മാത്രമായിരുന്നു ആംബര്‍ അലേര്‍ട്ട്. എന്നാല്‍ ആരോഗ്യവും സോഷ്യല്‍ കെയര്‍ സേവനങ്ങളും ഗുരുതരമായ പ്രത്യാഘാതം നേരിടുമെന്ന് വ്യക്തമാകുന്നതോടെയാണ് ഇപ്പോള്‍ രാജ്യവ്യാപകമായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്