ലണ്ടന്‍: സാധാരണയായി റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വസ്തു വില്‍ക്കുമ്പോള്‍ ചില സത്യങ്ങള്‍ മറച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ലങ്കാഷയറിലെ ബേണ്‍ലിയില്‍ വില്‍പ്പനയ്ക്ക് വന്ന ഒരു വീട്, നടുക്കുന്ന സത്യം തുറന്നുപറഞ്ഞുകൊണ്ടാണ് ശ്രദ്ധ നേടുന്നത്.
2020-ല്‍ ഈ വീടിനുള്ളില്‍ ഡോ. സമന്‍ മിര്‍ സചാര്‍വി (49)യും മകള്‍ വിയാന്‍ മന്‍ഗ്രിയോ (14)യും കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തെ ആത്മഹത്യയായി വരുത്തിത്തീര്‍ക്കാനായി പ്രതിയായ ഷഹബാസ് ഖാന്‍ മൂന്ന് കിടപ്പുമുറികളുള്ള വീടിന് തീയിട്ടു. തീപിടിത്തത്തില്‍ വീടിന്റെ ലിവിങ് റൂം, കിടപ്പുമുറി, അടുക്കള, ബാത്ത്‌റൂം എന്നിവയ്ക്ക് വലിയ നാശനഷ്ടം സംഭവിച്ചു. കൊലപാതകത്തിന് ശേഷം അഞ്ച് വര്‍ഷമായി ഈ വീട്ടില്‍ ആരും താമസിച്ചിട്ടില്ല.
125,000 പൗണ്ട് അടിസ്ഥാന വിലയിലാണ് വീട് ലേലത്തിന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വില്‍പ്പനയ്ക്കായുള്ള ചിത്രങ്ങളില്‍ തീപിടിത്തത്തില്‍ നശിച്ച മുറികളുടെ അവസ്ഥ വ്യക്തമാക്കുന്നുണ്ട്.
കോടതി പ്രതിയായ ഷഹബാസ് ഖാനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചു. നാല് വര്‍ഷം തടവ് അനുഭവിച്ചാല്‍ മാത്രമേ പരോളിന് അര്‍ഹത ലഭിക്കൂ. സംഭവത്തില്‍ പ്രതിയുടെ ഭാര്യ അബിയ ഷഹബാസ് (50)ക്കും 30 മാസം തടവ് ശിക്ഷ ലഭിച്ചു.
പ്രതികളുടെ വീട്ടില്‍ നിന്ന് ഡോക്ടറുടെ 27,000 പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങള്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം