Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കുട്ടികള്‍ക്ക് സൗജന്യമായി ചിക്കന്‍പോക്‌സ് വാക്‌സിന്‍
reporter

ലണ്ടന്‍: യുകെയില്‍ ആദ്യമായി എന്‍എച്ച്എസ് മുഖേന എല്ലാ കുട്ടികള്‍ക്കും ചിക്കന്‍പോക്‌സിനെതിരായ സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ജനുവരി 1 മുതല്‍ എംഎംആര്‍ വാക്‌സിനോടൊപ്പം ചിക്കന്‍പോക്‌സ് (വരിസെല്ല) ഉള്‍പ്പെടുത്തിയ എംഎംആര്‍വി വാക്‌സിന്‍ 12 മാസവും 18 മാസവും പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങി. ഇതുവരെ 200 പൗണ്ട് വരെ ചെലവിട്ട് വാങ്ങേണ്ടി വന്നിരുന്ന ഈ വാക്‌സിന്‍ ഇനി സൗജന്യമായി ലഭ്യമാകും. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. സ്‌കോട്ട്ലന്‍ഡിലും ജനുവരി തുടക്കത്തില്‍ മരുന്ന് നല്‍കിത്തുടങ്ങും.

ചിക്കന്‍പോക്‌സ് സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നുവെങ്കിലും ചിലരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പനി, ശരീരവേദന, കഠിനമായ ചൊറിച്ചിലോടുകൂടിയ പാടുകള്‍ എന്നിവയ്ക്കൊപ്പം അപൂര്‍വമായി മസ്തിഷ്‌കവീക്കം, ശ്വാസകോശ അണുബാധ, സ്ട്രോക്ക് വരെ സംഭവിക്കാം. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും അപകടസാധ്യത കൂടുതലാണ്.

രണ്ട് ഡോസ് എടുത്താല്‍ ഏകദേശം 97 ശതമാനം ഫലപ്രാപ്തിയുള്ള ഈ വാക്‌സിന്‍ യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി സുരക്ഷിതമായി ഉപയോഗിച്ചു വരുന്നതാണ്.

2026 ജനുവരി 1ന് ശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് രണ്ട് ഡോസ് എംഎംആര്‍വി വാക്‌സിന്‍ സ്വമേധയാ നല്‍കും. വിവിധ ജനന തീയതികള്‍ പ്രകാരം 6 വയസുവരെയുള്ള, നേരത്തെ മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കും. 2025 അവസാനം ആറു വയസ് പൂര്‍ത്തിയായവര്‍ക്ക് സാധാരണയായി ഇതിനകം രോഗം വന്നിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വാക്‌സിന്‍ നല്‍കില്ല.

ഓരോ വര്‍ഷവും ചിക്കന്‍പോക്‌സിനെ തുടര്‍ന്ന് കുടുംബങ്ങള്‍ക്കും എന്‍എച്ച്എസിനും ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടം ഈ പദ്ധതി കുറയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തില്‍ ഇത് നിര്‍ണായക മുന്നേറ്റമാണെന്നും രക്ഷിതാക്കള്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍കൈ എടുക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു

 
Other News in this category

 
 




 
Close Window