ലണ്ടന്‍: ക്രിസ്മസ് അവധിക്കു ശേഷം സ്‌കൂളുകള്‍ തുറക്കാനിരിക്കെ ശക്തമായ മഞ്ഞുവീഴ്ച സ്‌കൂള്‍ പ്രവര്‍ത്തനങ്ങളേയും ഗതാഗത സംവിധാനങ്ങളേയും ബാധിച്ചു. പലയിടത്തും ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്‍കി. വടക്കന്‍ സ്‌കോട്ലന്‍ഡില്‍ ഞായറാഴ്ച വൈകീട്ട് ആംബര്‍ മുന്നറിയിപ്പ് നിലവില്‍ വന്നു. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് മേഖലകളില്‍ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. താപനില അല്പം ഉയര്‍ന്നേക്കുമെങ്കിലും ഈ ആഴ്ച മുഴുവന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും വിവിധയിടങ്ങളില്‍ മഞ്ഞുവീഴുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
സ്‌കോട്ലന്‍ഡിലെ ഷെറ്റ്ലാന്‍ഡ്, ഓര്‍ക്ക്നി, വടക്കന്‍ മെയിന്‍ലാന്‍ഡ് മേഖലകളില്‍ ശക്തമായ കാറ്റോടു കൂടിയ മഞ്ഞുവീഴ്ച തുടരുകയാണ്. റെയില്‍ പാതകളിലും ഗതാഗത തടസ്സം നേരിട്ടു. നിരവധി വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നു. മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനങ്ങളിലും വൈദ്യുതി വിതരണത്തിലും തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌കോട്ലന്‍ഡിലെ നൂറുകണക്കിന് സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കില്ലെന്ന് അറിയിപ്പുണ്ടായിരുന്നു. അബര്‍ഡീന്‍ഷയര്‍, ഷെറ്റ്ലാന്‍ഡ്, ഓര്‍ക്ക്നി മേഖലകളില്‍ സ്‌കൂള്‍ തുറക്കല്‍ മാറ്റിവച്ചു. നോര്‍ത്ത് അയര്‍ലന്‍ഡിലും സ്‌കൂളുകള്‍ അടച്ചിടും. കാറ്റും മഞ്ഞുവീഴ്ചയും ജനജീവിതം ദുസ്സഹമാക്കുകയാണ്