നടുക്കടലില്‍ റഷ്യന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്കയ്ക്ക് യുകെയുടെ സഹായം ലഭിച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹേലി വെളിപ്പെടുത്തി. ബ്രിട്ടന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തിനും അയര്‍ലന്‍ഡിനുമടുത്തായി കിടന്ന കപ്പല്‍ പിടിച്ചെടുക്കാന്‍ തങ്ങളുടെ സൈന്യവും വ്യോമതാവളവും യുഎസിന് നല്‍കിയിരുന്നുവെന്നും, നിരീക്ഷണം ഉറപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കന്‍ അയര്‍ലന്‍ഡിന് സമീപം അറ്റ്‌ലാന്റിക് കടലില്‍ ആര്‍എഎഫിന്റെ റിവറ്റ് വിമാനം നടത്തിയ നിരീക്ഷണപ്പറക്കലിന്റെ ഫ്‌ലൈറ്റ് റെക്കോര്‍ഡുകളും പുറത്തുവന്നിട്ടുണ്ട്. യുഎസ് ഓപ്പറേഷനു നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് യുഎസ് സൈന്യത്തിന്റെ യൂറോപ്യന്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇറാനെതിരായ അമേരിക്കന്‍ ഉപരോധം ലംഘിച്ചതിനാലാണ് റഷ്യന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്ന് യുകെ വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് ബ്രിട്ടന്‍ പ്രവര്‍ത്തിച്ചതെന്നും ഹേലി ന്യായീകരിച്ചു. ഭീകരവാദത്തെയും മധ്യപൂര്‍വദേശത്ത് നിന്നുള്ള അസ്വസ്ഥതകളെയും യുക്രെയ്‌നിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന റഷ്യ-ഇറാന്‍ കൂട്ടുകെട്ടിന്റെ ഭാഗമാണ് മറീനേറ എന്ന കപ്പലെന്നും അദ്ദേഹം ആരോപിച്ചു.
യുഎസ് നേരത്തെ ഉപരോധം ഏര്‍പ്പെടുത്തിയ ബെല്ല 1 എന്ന കപ്പലാണ് പേരുമാറ്റി മറീനേറയായതെന്നും, കരീബിയന്‍ കടലിലൂടെ റഷ്യയിലേക്കുള്ള യാത്രയിലാണ് പിടിയിലായത് എന്നും യുകെ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കപ്പല്‍ അഞ്ചുതവണ പേരുമാറ്റിയതായും, ബെല്ല എന്ന പേരില്‍ ഗയാനയുടെ കൊടി ഉപയോഗിച്ചതായും ഹേലി ആരോപിച്ചു.
ഇന്ധനവും ഫണ്ടും റഷ്യയിലേക്ക് അനധികൃതമായി എത്തിക്കാനാണ് കപ്പല്‍ ഉപയോഗിച്ചിരുന്നതെന്നും, ഇത്തരം കപ്പലുകള്‍ പിടിച്ചെടുക്കുന്നത് യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നും ഹേലി പറഞ്ഞു. ഹിസ്ബുല്ലയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കായി അനധികൃത ചരക്ക് കടത്തിയതുമായി ബന്ധപ്പെട്ടാണ് 2024 ജൂലൈയില്‍ യുഎസ് ട്രഷറി ബെല്ലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്