ലണ്ടന്‍: ആശുപത്രികളില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാരെതിരായ അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. മുഴുവന്‍ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരുമ്പോള്‍ സ്ഥിതി കൂടുതല്‍ ഞെട്ടിപ്പിക്കുന്നതായിരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ചൂഷണം, ഭീഷണി, ശാരീരിക ആക്രമണം എന്നിവയെല്ലാം അതിക്രമമായി കണക്കാക്കപ്പെടുന്നു. 2018ലെ Assault on Emergency Workers Offense Act പ്രകാരം ഇത്തരം കുറ്റങ്ങള്‍ക്ക് രണ്ടുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്നതാണ്. എന്നിട്ടും അക്രമങ്ങള്‍ വ്യാപകമായി തുടരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു ദിവസം ശരാശരി 285 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2022 മുതല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ 2,95,711 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 212 ട്രസ്റ്റുകളില്‍ നിന്നുള്ള വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് പുറത്തുവന്നത്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മെന്റല്‍ ഹെല്‍ത്ത് മേഖലകളിലാണ് കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജീവനക്കാര്‍ക്ക് കൂടുതല്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ ജീവനക്കാരെ വിന്യസിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ജോലി സ്ഥലത്തെ അരക്ഷിതാവസ്ഥ പല ജീവനക്കാരെയും സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു