തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സൂചനകള്‍ നല്‍കി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കെ സുരേന്ദ്രനും ആര്‍ ശ്രീലേഖയ്ക്കും നിര്‍ണായക സ്ഥാനങ്ങള്‍ നല്‍കുമെന്നും നേമത്ത് താന്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഇത്തവണ വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നതിലുപരി സീറ്റുകള്‍ ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ ചുമതലയുള്ള അമിത് ഷാ നല്‍കിയ നിര്‍ദേശപ്രകാരം വിജയ സാധ്യതയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വിജയ സാധ്യതയുള്ള സീറ്റ് നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ സംസ്ഥാന അധ്യക്ഷന്മാരില്‍ ഒരാളാണ് കെ സുരേന്ദ്രന്‍. എവിടെ മത്സരിച്ചാലും വിജയിക്കുമെന്നാണ് വിശ്വാസം. എന്നാല്‍, അദ്ദേഹം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണോ മത്സരിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുതിര്‍ന്ന നേതാവായ ആര്‍ ശ്രീലേഖയ്ക്ക് വട്ടിയൂര്‍ക്കാവ് സീറ്റ് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തകള്‍ രാജീവ് ചന്ദ്രശേഖര്‍ നിഷേധിച്ചു. വട്ടിയൂര്‍ക്കാവ് സീറ്റ് ഓഫര്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍ പാര്‍ട്ടിയില്‍ അവര്‍ക്ക് വലിയൊരു ഭാവി റോള്‍ ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു