തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് നല്‍കുന്ന ദിവസ വേതനം സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. 2018ന് ശേഷം ആദ്യമായാണ് വേതനത്തില്‍ വലിയ പരിഷ്‌കാരം വരുത്തിയിരിക്കുന്നത്.
പുതിയ നിരക്കുപ്രകാരം സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപ, സെമി സ്‌കില്‍ഡ് ജോലികളില്‍ 560 രൂപ, അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപ എന്നിങ്ങനെയാണ് ദിവസ വേതനം. നേരത്തെ അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്. 127 രൂപ ലഭിച്ചിരുന്നവര്‍ക്ക് 560 രൂപയും, 152 രൂപ ലഭിച്ചിരുന്നവര്‍ക്ക് 620 രൂപയുമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ശിക്ഷാതടവുകാര്‍ക്കാണ് കൂലിയുള്ള ജോലികള്‍ ലഭിക്കുന്നത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പരിഷ്‌കാരത്തിലൂടെ മൂവായിരത്തിലധികം തടവുകാര്‍ക്കാണ് വേതന വര്‍ധനയുടെ ഗുണം ലഭിക്കുക.
ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ലക്ഷ്യത്തോടെ സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍ സ്‌കില്‍ഡ് എന്നീ മൂന്ന് വിഭാഗങ്ങളായി വേതന ഘടന ഏകീകരിച്ചാണ് പരിഷ്‌കാരം നടപ്പാക്കിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കര്‍ണാടക, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ തടവുകാര്‍ക്ക് നല്‍കിവരുന്ന വേതനം വളരെ കുറവാണെന്നും ആഭ്യന്തര വകുപ്പ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു