|
കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ഏറ്റവും വലിയ അധ്യാപക യൂണിയന്‍. കുട്ടികളുടെ മാനസിക ആരോഗ്യവും, ശ്രദ്ധയും ബാധിക്കപ്പെടുന്നുവെന്ന ആശങ്കയാണ് ഇതിലേക്ക് നയിക്കുന്നത്.
കുട്ടികളെ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ അനുവദിക്കുന്ന ടെക് കമ്പനികള്‍ക്ക് വന്‍ പിഴ ഏര്‍പ്പെടുത്തുന്ന വിധത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാണ് ടീച്ചിംഗ് യൂണിയന്‍ എന്‍എഎസ്യുഡബ്യുടി ആവശ്യപ്പെടുന്നു. എലണ്‍ മസ്‌കിന്റെ ഗ്രോക് എഐ ടൂള്‍ സ്ത്രീകളുടെയും, കുട്ടികളുടെയും ചിത്രങ്ങള്‍ ഡിജിറ്റലായി വിവസ്ത്രമാക്കാന്‍ സഹായിക്കുന്നുവെന്ന് ഈ മാസം വിവരം പുറത്തുവന്നതോടെയാണ് ഓണ്‍ലൈന്‍ സുരക്ഷാ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചത്.
ഓസ്ട്രേലിയയാണ് ആദ്യമായി 16 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച് നിയമം നടപ്പാക്കിയത്. എന്നാല്‍ ഇതിന്റെ ഫലപ്രാപ്തി ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം മേല്‍നോട്ടമില്ലാതെ കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് സ്‌കൂളിലെ ഇവരുടെ പെരുമാറ്റത്തെയും, മാനസിക ആരോഗ്യത്തെയും ബാധിക്കുന്നതിന് തെളിവുണ്ടെന്ന് എന്‍എഎസ്യുഡബ്യുടി ചൂണ്ടിക്കാണിക്കുന്നു. അക്രമവും, ലൈംഗികതയും പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ കുട്ടികളെ അപകടത്തിലാക്കുന്നതായും യൂണിയന്‍ പറയുന്നു. |