ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ 16 വയസ്സുകാരിയായ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 200-ല്‍ അധികം സിഖ് സമൂഹാംഗങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. 30കളിലുള്ള യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാള്‍ ഉള്‍പ്പെടുന്ന പാക്കിസ്ഥാന്‍ വംശജരുടെ സംഘത്തിലെ ആറ് പേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.
പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും പ്രതിയെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. 16 വയസ്സായപ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ചതായാണ് സിഖ് പ്രസ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.
പ്രതി താമസിച്ചിരുന്ന പ്രദേശത്ത് 20 സെക്കന്‍ഡറി സ്‌കൂളുകളുണ്ട്. ഇവിടെയുള്ള കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ആരോപണം. ഇത്തരം സംഘങ്ങള്‍ സാധാരണയായി 11നും 16നും വയസ്സിനിടയിലുള്ള പെണ്‍കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. ദുര്‍ബലമായ പശ്ചാത്തലങ്ങളില്‍ നിന്നുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മനുഷ്യക്കടത്തിന് വിധേയമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്