ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പോര്‍ട്ടാഡൗണില്‍ മലയാളി കുടുംബം താമസിച്ചിരുന്ന വീടിനു നേരെ നടന്ന കല്ലേറിനെ തുടര്‍ന്ന് ശക്തമായ ഇടപെടലുകള്‍ നടന്നു. സംഭവം വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍ ബോബിന്‍ അലക്സ് അറിയിച്ചതിനെ തുടര്‍ന്ന് പ്രാദേശിക പൊലീസ് ടീം (എല്‍എന്‍പിടി) ഇന്‍സ്പെക്ടറുമായി അടിയന്തിര യോഗം ചേര്‍ത്ത് സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായി പ്രദേശത്തെ പാര്‍ലമെന്റ് അംഗം കാര്‍ല ലൊകാര്‍ട് അറിയിച്ചു.
ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാധിച്ചതായി പോര്‍ട്ടാഡൗണ്‍ മല്ലൂസ് വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍ ബോബിന്‍ അലക്സ് പറഞ്ഞു. ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കൗമാരക്കാര്‍ വീടുകള്‍ക്കു നേരെ ആക്രമണം നടത്തുന്നത് പതിവായ സാഹചര്യത്തില്‍ പൊലീസ് ഇടപെടലിനൊപ്പം ബോധവല്‍ക്കരണവും ആവശ്യപ്പെട്ടിരുന്നു.
നിയമാനുസൃതമായാണ് ഇവിടെയുള്ളവര്‍ താമസിക്കുന്നതെന്നും ആരോഗ്യ രംഗത്ത് ഇംഗ്ലീഷ് സമൂഹത്തിനു സേവനം ചെയ്യുന്നവരാണ് കൂടുതലെന്നും പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബോധവല്‍ക്കരണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം, പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കുമെന്ന് ഉറപ്പു നല്‍കി.
വംശീയ അതിക്രമങ്ങള്‍ സീറോ ടോളറന്‍സ് നയം അനുസരിച്ച് കൈകാര്യം ചെയ്യുമെന്നും പരാതികള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍ഗണന നല്‍കുമെന്നും എംപിയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പൊലീസും ഉറപ്പു നല്‍കി.
കുടിയേറ്റ സമൂഹത്തിനെതിരെ ഉണ്ടാകുന്ന ചെറിയ സംഭവങ്ങള്‍ പോലും പൊലീസിനെ അറിയിക്കണമെന്നും വീടുകളില്‍ സിസിടിവി ക്യാമറകള്‍ അല്ലെങ്കില്‍ ഡോര്‍ബെല്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ഇവിടെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നത് പൊലീസിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും പൂര്‍ണ പിന്തുണ നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ തങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണെന്നും ആവശ്യങ്ങള്‍ക്കായി ഓഫിസുമായി ബന്ധപ്പെടാമെന്നും എംപി കാര്‍ല ലൊകാര്‍ട് ഉറപ്പു നല്‍കി. ഇത്തരം സംഭവങ്ങള്‍ വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായിരിക്കും മുന്‍ഗണനയെന്നും അവര്‍ വ്യക്തമാക്കി