ലണ്ടന്‍: ഉപഭോക്താക്കളെ അനാവശ്യ ഓട്ടോ-റിന്യൂവലുകളില്‍ നിന്ന് സംരക്ഷിക്കുകയും, സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കല്‍ എളുപ്പമാക്കുകയും ചെയ്യുന്നതിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. ''സബ്സ്‌ക്രിപ്ഷന്‍ ട്രാപ്പുകള്‍''ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിലൂടെ ശരാശരി വ്യക്തിക്ക് വര്‍ഷത്തില്‍ ഏകദേശം £170 വരെ ലാഭിക്കാനാകുമെന്നാണ് ബിസിനസ് ആന്‍ഡ് ട്രേഡ് വകുപ്പ് (DBT) വിലയിരുത്തുന്നത്. പുതിയ നിയമപ്രകാരം, ഫ്രീ ട്രയല്‍ കാലാവധി അവസാനിച്ചതിന് ശേഷമോ, വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ സ്വയമേവ പുതുക്കുമ്പോഴോ ഉപഭോക്താക്കള്‍ക്ക് 14 ദിവസത്തെ ''കൂളിംഗ് ഓഫ്'' കാലയളവ് അനുവദിക്കും. ഈ സമയത്തിനുള്ളില്‍ റദ്ദാക്കുന്നവര്‍ക്ക് പൂര്‍ണ്ണമായോ അനുപാതികമായോ റീഫണ്ട് ലഭിക്കും.
കൂടാതെ, സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കല്‍ ''ഒരു ക്ലിക്കില്‍'' നടത്താനാകുന്ന രീതിയിലേക്ക് സംവിധാനങ്ങള്‍ മാറ്റണമെന്നും ഗവണ്‍മെന്റ് നിര്‍ദേശിച്ചു. കമ്പനികള്‍ ഉപഭോക്താക്കളെ അറിയിക്കാതെ ചെലവേറിയ കരാറുകളിലേക്ക് ചേര്‍ക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിനായി മുന്‍കൂട്ടി വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നത് നിര്‍ബന്ധമാക്കും. ഫ്രീ ട്രയല്‍ അവസാനിക്കാനിരിക്കുമ്പോഴും, ഒരു വര്‍ഷമോ അതിലധികമോ ദൈര്‍ഘ്യമുള്ള കരാറുകള്‍ പുതുക്കാനിരിക്കുമ്പോഴും ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായും മുന്നറിയിപ്പുകള്‍ നല്‍കണം. പുതിയ നിയമങ്ങള്‍ 2027-ല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.