ലണ്ടന്‍: പെണ്‍സുഹൃത്തിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോ കോള്‍ വഴി കണ്ടതോടെ ഇംഗ്ലണ്ടിലെ എമര്‍ജന്‍സി സര്‍വീസില്‍ വിവരം അറിയിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ബാരണ്‍ ട്രംപിന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ വര്‍ഷം നടന്ന സംഭവവുമായി ബന്ധപ്പെട്ട വിചാരണാ വേളയില്‍ 20കാരനായ ബാരണ്‍ ട്രംപിന്റെ സമയോചിതമായ നടപടിയെ യുകെ കോടതി ജഡ്ജി പ്രശംസിച്ചു. സംഭവത്തില്‍ 22കാരനായ റഷ്യന്‍ പൗരന്‍ മത്വേ റുമിയാന്‍സേവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാരണ്‍ ട്രംപുമായുള്ള സൗഹൃദത്തില്‍ അസൂയയാണ് യുവതിയെ ആക്രമിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോള്‍ ബാരണ്‍ ട്രംപിനെ വിഡിയോ കോള്‍ ചെയ്തിരുന്നു.
വിഡിയോയില്‍ ആക്രമണ ദൃശ്യങ്ങള്‍ കണ്ടതോടെ ബാരണ്‍ അമേരിക്കയില്‍ നിന്നുകൊണ്ട് തന്നെ ഇംഗ്ലണ്ടിലെ എമര്‍ജന്‍സി സര്‍വീസിനെ വിവരം അറിയിക്കുകയും യുവതിയെ രക്ഷപ്പെടുത്തുകയും ചെയ്തതായി ജഡ്ജി ജോയല്‍ ബെനതന്‍ കോടതിയില്‍ വ്യക്തമാക്കി. പ്രതിക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള സൗഹൃദമാണ് യുവതിയുമായുള്ള ബന്ധമെന്ന് ബാരണ്‍ ട്രംപ് പൊലീസിനോട് പറഞ്ഞു. ആക്രമണത്തിനിടെ രക്ഷയ്ക്കായി യുവതി തന്നെ വിളിച്ചതാണെന്നും, എട്ട് മിനിറ്റോളം വിഡിയോ കോള്‍ നീണ്ടുനിന്നുവെന്നും പൊലീസ് അറിയിച്ചു. വിചാരണയ്ക്കിടെ ബാരണ്‍ ട്രംപിന്റെ ഉത്തരവാദിത്തപരമായ ഇടപെടല്‍ യുകെ കോടതി പ്രത്യേകിച്ച് പ്രശംസിച്ചതോടെ സംഭവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായി.