Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
Teens Corner
  Add your Comment comment
യുക്മ കേരളപൂരം വള്ളംകളി -2026; ടീം രജിസ്ട്രേഷന് തുടക്കമായി; അവസാന തീയ്യതി മെയ് 24; വനിതകള്‍ക്ക് നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം
Text By: Kurian George
യുക്മ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ആഗസ്റ്റ് 15 ന് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ സംഘടിപ്പിക്കുന്ന 8-ാമത് 'കേരളാ പൂരം 2026'' നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ 27/04/2026, തിങ്കളാഴ്ച മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി മെയ് 24 ഞായറാഴ്ച ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു.


അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി എട്ടാമത് യുക്മ കേരളപൂരം വള്ളംകളി വിജയത്തിലെത്തിക്കുവാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൂടുതല്‍ ടീമുകള്‍ രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 32 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.


'കേരളാ പൂരം 2026'' നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് 'ബോട്ട് റേസ് - ടീം മാനേജ്മെന്റ് & ട്രെയിനിങ്' വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. ഡിക്സ് ജോര്‍ജ്ജ്, ജോര്‍ജ്ജ് തോമസ്, ജേക്കബ്ബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിങ്ങിന്റെയും ചുമതല വഹിക്കുന്നത്.

ടീം രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു;

ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്.


ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേര്‍ മത്സരം നടക്കുമ്പോള്‍ തുഴക്കാരായും ഒരാള്‍ ഡ്രമ്മറായും ഉണ്ടാവും. മറ്റ് 3 പേര്‍ സബ്സ്റ്റിറ്റിയൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്. ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര്‍ ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ പുതുക്കേണ്ടതാണ്.


കേരളത്തിലെ നെഹ്‌റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കൊമ്പന്‍സ് ബോട്ട് ക്ളബ്ബ് ബോള്‍ട്ടന്‍ മത്സരിക്കാനിറങ്ങിയത് കാവാലം എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട് ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.

എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്‌സി സൈസും നല്‍കേണ്ടതാണ്. പങ്കെടുക്കാനെത്തുന്ന ടീമുകളിലെ 20 അംഗങ്ങള്‍ക്ക് വീതം ജഴ്‌സി നല്‍കുന്നത് പരിപാടിയ്ക്ക് വര്‍ണ്ണപ്പകിട്ടേകും. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര്‍ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.


രജിസ്ട്രേഷന്‍ ഫീസ് ടീമുകള്‍ക്ക് 500 പൗണ്ട് ആയിരിക്കും. ഇത് ടീം ക്യാപ്റ്റന്മാരാണ് നല്‍കേണ്ടത്. കോര്‍പ്പറേറ്റ് ടീമുകള്‍ക്ക് 750 പൌണ്ട് ആയിരിക്കും രജിസ്ട്രേഷന്‍ ഫീസ്. ടീമിന് സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്‌സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്. ഇത് നിബന്ധനകള്‍ക്ക് വിധേയമാണ്. ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.


കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന്‍ അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ അറിയിക്കുന്നതും തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.


വനിതകള്‍ക്ക് മാത്രമായി നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്. വനിതാ ടീമുകളും മെയ് 24നുള്ളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ 7 വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്. യുക്മ കേരളപൂരം വള്ളംകളിയുടെ രജ്‌സ്ട്രേഷന്‍, ടീം അംഗങ്ങളുടെ ജഴ്‌സി, മത്സരക്രമം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംഘാടകസമിതിയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വത്തിലും നിബന്ധനകള്‍ക്ക് അനുസരിച്ചുമായിരിക്കും നടത്തപ്പെടുന്നത്.


ടീം രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്ക്:-


ഡിക്സ് ജോര്‍ജ്ജ് - 07403312250

ജോര്‍ജ്ജ് തോമസ്സ് - 07903426018

ജേക്കബ്ബ് കോയിപ്പള്ളി - 07402935193


'യുക്മ - കേരളാപൂരം 2026'മായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എബി സെബാസ്റ്റ്യന്‍ - (പ്രസിഡന്റ്) : 07702862186, ജയകുമാര്‍ നായര്‍ - (ജനറല്‍ സെക്രട്ടറി) : 07403223066, എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
 
Other News in this category

 
 




 
Close Window