ലണ്ടന്‍: ക്രിമിനല്‍ ഡിഫന്‍സ് മേഖലയിലെ സമ്മര്‍ദ്ദമേറിയ ജോലി ഉപേക്ഷിച്ച് പുതിയൊരു കരിയര്‍ തെരഞ്ഞെടുത്തതോടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സ്വാതന്ത്ര്യവും ലഭിച്ചതായി 30കാരിയായ ലിസ് ഈസ്റ്റ്. നിയമ സഹായിയായി ജോലി ചെയ്തിരുന്ന ലിസ് ഇപ്പോള്‍ ഫുള്‍ടൈം ഡോഗ് വാക്കറാണ്. ദിവസവും ഏകദേശം 300 മുതല്‍ 400 പൗണ്ട് വരെ വരുമാനം നേടുന്നതായി അവര്‍ പറയുന്നു. 400 പൗണ്ട് ഏകദേശം ?51,000ലധികം വരും. ബ്രിട്ടനിലെ ക്രിമിനല്‍ ഡിഫന്‍സ് മേഖലയില്‍ നാലുവര്‍ഷത്തോളം ജോലി ചെയ്ത ലിസിന് ജോലി സമ്മര്‍ദ്ദം വലിയ വെല്ലുവിളിയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍, കോടതിയിലെ നടപടികള്‍, ജയിലുകള്‍ സന്ദര്‍ശിക്കല്‍, ക്ലയന്റുകളുമായി ആശയവിനിമയം നടത്തല്‍ തുടങ്ങിയ നിരവധി ചുമതലകള്‍ ഒരേസമയം കൈകാര്യം ചെയ്യേണ്ടിവന്നു. ഇതോടെ വ്യക്തിജീവിതത്തിനായി സമയം കണ്ടെത്താന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് ലിസ് പറയുന്നു.
ജോലി സമ്മര്‍ദ്ദം വര്‍ധിച്ചതോടെയാണ് മറ്റൊരു കരിയറിനെക്കുറിച്ച് ലിസ് ആലോചിക്കാന്‍ തുടങ്ങിയത്. ഡോഗ് വാക്കിങ്ങും ഡോഗ് ബോര്‍ഡിങ്ങും ചെയ്യുന്ന ഭര്‍ത്താവ് തന്റെ ജോലിയില്‍ ഏറെ സന്തോഷവാനാണെന്ന് കണ്ടതും ഈ തീരുമാനത്തിന് പ്രേരണയായി. പുതിയ ജോലി ആരംഭിച്ച ആദ്യഘട്ടത്തില്‍ ചെലവുകള്‍ കണ്ടെത്തുന്നതിനായി ലിസ് ഒരു പബ്ബിലും ജോലി ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരം ഉപഭോക്താക്കളെ ലഭിച്ചതോടെ ഡോഗ് വാക്കിങ് ബിസിനസ് വളര്‍ന്നു. നിലവില്‍ ദിവസവും നാല് ഗ്രൂപ്പ് വാക്കുകളാണ് ലിസ് നടത്തുന്നത്. ശരാശരി 20 മുതല്‍ 30 നായകളെയാണ് ഒരു ദിവസം പരിചരിക്കുന്നത്. ഓരോ നായയ്ക്കും മണിക്കൂറിന് 14 പൗണ്ട് വീതമാണ് നിരക്ക്. ഇതിലൂടെ ദിവസത്തില്‍ 400 പൗണ്ട് വരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് ലിസ് പറയുന്നു. മുന്‍പ് നിയമ മേഖലയില്‍ ജോലി ചെയ്തിരുന്ന സമയത്തേക്കാള്‍ മെച്ചപ്പെട്ട വരുമാനത്തിനൊപ്പം സ്വന്തം കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്താനും ഇപ്പോള്‍ കഴിയുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിയമ ബിരുദം തനിക്കൊപ്പം തന്നെയുണ്ടെന്നും ഭാവിയില്‍ ആവശ്യമെങ്കില്‍ വീണ്ടും നിയമ മേഖലയിലേക്ക് മടങ്ങാന്‍ കഴിയുമെന്നും ലിസ് പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ ജോലിയില്‍ തൃപ്തിയും സന്തോഷവും കൂടുതലായതിനാല്‍ പഴയ കരിയറിലേക്ക് മടങ്ങാനുള്ള സാധ്യത വളരെ കുറവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.