ഗ്ലാസ്ഗോ: മരിച്ചവരുടെ അന്തസ്സും സമ്മതവുമായി ബന്ധപ്പെട്ട ധാര്‍മ്മിക പരിഗണനകള്‍ ചൂണ്ടിക്കാട്ടി ഈജിപ്ഷ്യന്‍ മമ്മികളുടെ അവശിഷ്ടങ്ങള്‍ പൊതുപ്രദര്ശനത്തില്നിന്ന് നീക്കി സ്കോട്ട്ലന്‍ഡിലെ കെല്‍വിന്‍ഗ്രോവ് ആര്‍ട്ട് ഗാലറി ആന്‍ഡ് മ്യൂസിയം. തീരുമാനത്തെ അനുകൂലിച്ചും വിമര്‍ശിച്ചും പ്രതികരണങ്ങള്‍ ഉയര്‍ന്നതോടെ മനുഷ്യാവശിഷ്ടങ്ങളുടെ മ്യൂസിയം പ്രദര്‍ശനം വീണ്ടും ചര്‍ച്ചയായി. മമ്മിയാക്കിയ തല, കൈ, പാദം തുടങ്ങിയ ശരീരഭാഗങ്ങളും നെഖ്ത് എന്ന പുരോഹിതന്റെ അസ്ഥികൂടമടങ്ങിയ ശവപ്പെട്ടിയുമാണ് പ്രദര്‍ശനത്തില്‍നിന്ന് മാറ്റിയത്. വ്യക്തിയുടെയോ പിന്‍ഗാമികളുടെയോ രേഖാമൂലമുള്ള സമ്മതമില്ലാതെ ഇത്തരം അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഉചിതമല്ലെന്നാണ് മ്യൂസിയത്തിന്റെ നിലപാട്.
മകളോടൊപ്പം മ്യൂസിയം സന്ദര്‍ശിച്ച പിതാവിന്റെ സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് നടപടി ശ്രദ്ധനേടിയത്. മനുഷ്യാവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന സ്ഥലത്ത്, മരിച്ചവരോടുള്ള ആദരവിന്റെ ഭാഗമായി അവ നീക്കിയതായി അറിയിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആധുനിക മ്യൂസിയം പ്രവര്‍ത്തനത്തിലെ ധാര്‍മ്മിക മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് മ്യൂസിയത്തിന്റെ ചുമതലയുള്ള 'ഗ്ലാസ്ഗോ ലൈഫ്' വിശദീകരിച്ചു. മരിച്ച വ്യക്തികളുടെ അന്തസ്സിന് പ്രാധാന്യം നല്‍കുന്നതാണ് നടപടിയെന്നും സംഘടന അറിയിച്ചു. അതേസമയം, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരുടെ സമ്മതം നേടുക അസാധ്യമാണെന്നും തീരുമാനം ചരിത്രപഠനത്തിനുള്ള അവസരങ്ങള്‍ കുറയ്ക്കുമെന്നും വിമര്‍ശകര്‍ വാദിച്ചു. വിദ്യാഭ്യാസരംഗത്തെ പ്രവര്ത്തകന് ക്രിസ് മക്ഗവേണും സ്കോട്ടിഷ് കണ്‍സര്‍വേറ്റീവ് നേതാവ് മുര്ദോ ഫ്രേസറും നടപടിയെ വിമര്‍ശിച്ചു. ഈജിപ്ഷ്യന്‍ മനുഷ്യാവശിഷ്ടങ്ങള്‍ മറ്റൊരു രാജ്യത്ത് പ്രദര്ശനവസ്തുക്കളാക്കുന്നതിന്റെ ധാര്‍മ്മികതയും ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ട്.