ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനിലെ ആഭ്യന്തര വിദ്യാര്‍ഥികളുടേതിന് തുല്യമായ സര്‍വകലാശാലാ ട്യൂഷന് ഫീസ് അനുവദിക്കുന്നത് ചര്‍ച്ചാ നിലപാടിലില്ലെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. യുകെ-ഇയു ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫീസ് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും അന്തിമ ധാരണയായിട്ടില്ലെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി. ബ്രെക്സിറ്റിനുശേഷം പ്രത്യേക ഇളവുകള്‍ക്ക് അര്‍ഹരല്ലാത്ത ഇയു വിദ്യാര്‍ഥികളെ വിദേശ വിദ്യാര്‍ഥികളായാണ് പരിഗണിക്കുന്നത്. ഇതോടെ പല കോഴ്സുകള്‍ക്കും പ്രതിവര്‍ഷം 30,000 പൗണ്ടിലധികം വരെ ഫീസ് നല്കേണ്ടിവരുന്നുണ്ട്.
ഇയു വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസ് അനുവദിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആവശ്യം. പ്രതിവര്‍ഷം ഏകദേശം 12,000 പൗണ്ട് എന്ന നിരക്ക് ഒത്തുതീര്‍പ്പിനുള്ള സാധ്യതയായി നേരത്തേ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ആഭ്യന്തര വിദ്യാര്‍ഥികളുടേതിന് തുല്യമായ നിരക്ക് നല്‍കുന്നത് പരിഗണനയിലില്ലെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. വിദേശ വിദ്യാര്‍ഥികളില്‍നിന്നുള്ള ഫീസ് സര്‍വകലാശാലകളുടെ പ്രധാന വരുമാനമാര്‍ഗമാണ്. ഇയു വിദ്യാര്‍ഥികളുടെ ഫീസ് കുറയ്ക്കുന്നത് സ്ഥാപനങ്ങള്‍ക്ക് വലിയ വരുമാനനഷ്ടമുണ്ടാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഭക്ഷ്യവ്യാപാര നിയന്ത്രണങ്ങള്‍ ലഘൂകരിക്കല്‍, കാര്‍ബണ്‍ വ്യാപാര സംവിധാനം, യുവജന വിനിമയം തുടങ്ങിയ മേഖലകളില്‍ യുകെയും യൂറോപ്യന്‍ യൂണിയനും പുതിയ ധാരണകളിലെത്തിയ പശ്ചാത്തലത്തിലാണ് ഫീസ് ചര്‍ച്ചകള്‍ നടക്കുന്നത്. ഈ വിഷയത്തില്‍ തീരുമാനത്തിലെത്താന്‍ ആറുമാസം കൂടി അനുവദിച്ചിട്ടുണ്ട്.