Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണം ഗൃഹാതുരത്വം ഉണര്‍ത്തി
reporter
ഗൃഹാതുരത്വം ഉണര്‍ത്തിയാണ് ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണം പടിയിറങ്ങിയത്. കേരളത്തിന്റെ തനതു പാരമ്പര്യ ശൈലിയില്‍ ക്രോയിഡോണില്‍ നടന്ന ഓണാഘോഷം ബ്രിട്ടനിലെ മലയാളിയായ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ നിലവിളക്കിനു തിരിതെളിച്ചു ഉത്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദിയുടെ മുതിര്‍ന്ന അംഗങ്ങളും, അശോക് കുമാറും അദ്ദേഹത്തോടൊപ്പം തിരി തെളിച്ചു ചടങ്ങിനെ അനുഗ്രഹിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറോളം ഭജനയും കീര്‍ത്തന ആലാപനവുമായി അന്തരീക്ഷം ഭക്തിസാന്ദ്രമായി.
മാവേലിയെ വരവേറ്റുകൊണ്ടാണ് ഓണാഘോഷങ്ങള്‍ തുടങ്ങിയത്. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ എതിരേറ്റു കൊണ്ട് കുരുന്നുകള്‍ ശ്രീകൃഷ്ണ സ്തുതികള്‍ക്കനുസൃദമായി കൃഷ്ണരാധ സങ്കല്പത്തില്‍ ചുവടുകള്‍വെച്ചപ്പോള്‍ ഒരുനിമിഷം വേദി അമ്പാടിയായി തീര്‍ന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുട്ടികളുടെ കേരളശൈലിയിലുള്ള തനതായ വേഷ പകര്‍ച്ച ഏവരുടെയും മനംകവരുന്നതായിരുന്നു, തുടര്‍ന്നു വേദിയില്‍ ഗോകുലനിലയ എന്നു തുടങ്ങുന്നകീര്‍ത്തനത്തിനു, ചിലങ്കകള്‍ അണിഞ്ഞു ഭരതനാട്യ നൃത്തചുവടുകളുമായി ശ്രദ്ധ വിവേക് ഉണ്ണിത്താന്‍ അരങ്ങിലെത്തി അനുവാചകഹൃദയം ഭക്തിയുടെ ആനന്ദത്തില്‍എത്തിച്ചു.

തുടര്‍ന്ന് മുന്ന് രീതികളിലും ശൈലിയിലുമുള്ള തിരുവാതിര നൃത്ത ചുവടുകളുമായി വനിതകളുടെ സംഘം അരങ്ങിലെത്തി. ലാസ്യനടനത്തിന്റെ പദമൂന്നിയ തിരുവാതിരകളി, രൂപത്തിലും താളത്തിലും പുതുമ പകരുന്നതായിരുന്നു. നൃത്യഭംഗിക്കു ശേഷം ഗാനാര്‍ച്ചനയുമായി ലണ്ടനിലെ അനുഗ്രഹീത കലാകാരനായരാജേഷ് രാമനും, മകള്‍ ലക്ഷ്മി രാജേഷും സംഗീതവുമായി ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി.

മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ സ്മരണകള്‍ ഉണര്‍ത്തി ക്ഷേത്രകലയായ ഓട്ടന്‍തുള്ളല്‍ വേദിയില്‍ അരങ്ങേറിയത് ഈ വര്‍ഷത്തെ ഓണാഘോഷത്തെ വിശേഷാനുഭവമാക്കി മാറ്റി. പുതുതലമുറക്കു അത്ര പരിചിതമല്ലാത്ത ഓട്ടന്‍തുള്ളല്‍ എന്ന കേരളീയ നൃത്യനാട്യകലാരൂപം നൃത്യഉപാസകനായ ഡോക്ടര്‍ അജിത് കര്‍ത്ത, നര്‍മ്മവും ചിന്തകളുമായി കല്യാണ സൗഗന്ധികം എന്ന മഹാഭാരത കഥ വേദിയിലെത്തിച്ചു. ഇത്തരം കലാരൂപങ്ങള്‍ ഇന്നു നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം പങ്കുവെച്ചു. തുടര്‍ന്ന് അദ്ദേഹത്തെ വെസ്റ്റ് ഇംഗ്ലണ്‍ടിലെ പോലീസ് ബോര്‍ഡിന്റെ വൈസ് ചെയര്മാന് കൂടിയായ കൗണ്‍സിലര്‍ ടോം ആദിത്യ പൊന്നാട അണിയിച്ചു വേദിയില്‍ അനുമോദിച്ചു,

ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ കോഓര്‍ഡിനേഷന്‍ മിനിസ്റ്റര്‍ എ എസ് രാജന്‍ ചടങ്ങില്‍ മുഖ്യഅതിഥിയായിരുന്നു. തമിഴ്‌നാട്ടില്‍ ജനിക്കുകയും വളരുകയും ചെയ്‌തെങ്കിലും തനിക്കു കേരളവുമായി ഉള്ള അടുപ്പം അദ്ദേഹം തുറന്നു പറഞ്ഞു. മലയാളികളുടെ സ്‌നേഹത്തോടു കൂടിയ അടുപ്പവും, കേരളീയ ഭക്ഷണത്തിന്റെ രുചിയും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നു. മനുഷ്യ നിര്‍മ്മിത വേലികെട്ടുകള്‍ക്കപ്പുറം സാഹോദര്യത്തിന്റെ പൊന്‍പ്രകാശമായി ചടങ്ങില്‍ ബ്രിസ്റ്റോളില്‍ നിന്നും എത്തിയ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യയെയും, ക്രോയ്‌ടോന്‍ മുന്‍ മേയര്‍ കൗണ്‍സിലര്‍ മഞ്ജു ശാഹുല്‍ ഹമീദിനെയും മിനിസ്റ്റര്‍ രാജന്‍ ശ്ശാഘിച്ചു. ജാതിമത ചിന്തകള്‍ക്ക് അതീതമായി സാഹോദര്യത്തിന്റെയും, പങ്കുവയ്ക്കലിന്റെയും സ്‌നേഹവലയത്തില്‍ എല്ലാവരും ഒന്നിച്ചു അണിനിരക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. എല്ലാവര്ക്കും അദ്ദേഹം നന്മകള്‍ നേര്‍ന്നു. അദ്ദേഹത്തോടൊപ്പം പത്‌നി ശശിരേഖയും ചടങ്ങില്‍ ആദ്യാവസാനം പങ്കെടുത്ത് ഓണആഘോഷ പരിപാടികള്‍ക്ക് ചാരുതയേകി.

ഓണസംഗമത്തില്‍ കൗണ്‍സിലര്‍ ടോം ആദിത്യയുടെ ഓണസന്ദേശവും ചേതോഹരമായി. ഓണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് ചിന്തോദ്ദീപകമായ നിര്‍വചങ്ങള്‍ അദ്ദേഹം നല്‍കി. പിറകോട്ടുപോയി അത്രയും വേഗത്തില്‍ മുന്നോട്ടായുന്നതാണ് ഊഞ്ഞാല്‍. നമ്മുക്കു പൈതൃകത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന സന്ദേശമാണ് പിന്നോട്ട് ഉള്ള യാത്ര. മുന്നോട്ടുള്ള ഗമനത്തിനാകട്ടെ പ്രതീക്ഷയിലേക്കുള്ള യാത്രയും. രണ്ടും ചേരുമ്പോഴാണ് ജീവിതം ആസ്വാദ്യമാകുന്നത്. അതു പോലെ വള്ളംകളിക്ക്‌സംഘബോധത്തിന്റെ തലമുണ്ട്. വിഭവങ്ങളാല്‍ സമൃദ്ധമായ ഓണസദ്യ, നാനത്വത്തില്‍ ഏകത്വത്തിന്റെ സന്ദേശമാണ് നല്‍കുന്നത് എന്നും കൗണ്‍സിലര്‍ ടോം ആദിത്യ പറഞ്ഞു. ഓണം കേരളത്തിന്റെ ദേശിയ ഉത്സവം മാത്രമല്ല, കേരളീയരുടെ സംസ്‌കാരത്തിന്റെയും, പൈതൃകത്തിന്റെയും, ആത്മാഭിമാനത്തിന്റെയും ആഘോഷമാണെന്നു സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രജാക്ഷേമത്തിന്റെയും, സ്‌നേഹത്തിന്റെയും, സമത്വത്തിന്റെയും, വിട്ടുകൊടുക്കലിന്റെയും ഉണര്‍ത്തുപാട്ടാണ് ഓണം എന്ന് ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ കൂട്ടിച്ചേര്‍ത്തു.

ക്രോയ്‌ഡോണ്‍ മുന്‍ മേയര്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ലണ്ടന്‍ ഹിന്ദു ഐക്യ വേദിയുടെ ഓരോ പ്രവര്‍ത്തനത്തിനും പൂര്‍ണപിന്തുണ അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ഹൈകമ്മീഷന്‍ മിനിസ്റ്റര്‍ എ എസ് രാജന്‍ അവര്‍കളെ ഹിന്ദു ഐക്യവേദിക്കു വേണ്ടി പൊന്നാട അണിയിച്ചു കൗണ്‍സിലര്‍ മഞ്ജു ചടങ്ങില്‍ ആദരിച്ചു.

സത്യം ശിവം സുന്ദരം എന്ന ഭജന്‍വേദിയില്‍ ആലപിച്ചുകൊണ്ട് ലണ്ടനിലെ അറിയപ്പെടുന്ന കലാകാരി രാജകൃഷ്ണസ്വാമി ഓണാഘോഷത്തെ അതിന്റെ പൂര്‍ണതയിലെത്തിച്ചു. കണ്ണന്‍ രാമചന്ദ്രനും, ഡയാന അനില്‍കുമാറും പരിപാടികള്‍ക്ക് അവതാരകരായി നേതൃത്വം നല്‍കി. കലാപരിപാടികള്‍ക്ക് ശേഷം ക്ഷേത്രത്തിലെ ദീപാരാധനയും കുട്ടിയുടെചോറുണ്ണും, കര്‍മ്മങ്ങളും നടന്നു . ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ അംഗങ്ങള്‍ ചേര്‍ന്നു തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും മനസ്സില്‍ നമ്മുടെ നാടിന്റെ തനതായ രുചി പകര്‍ന്ന് നല്‍കി.

ഹിന്ദു ഐക്യവേദിയുടെ ചെയര്മാന് ടി ഹരിദാസിന്റെ ക്ഷണപ്രകാരം ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി (കോണ്‍സുലാര്‍) ശ്രി രാമസ്വാമി ബാലാജി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും, സമൂഹത്തിന്റെ വിവിധ തലത്തില്‍ പ്രവൃത്തിക്കുന്ന നിരവധി പ്രമുഖരും ഓണാഘോഷത്തില്‍ പങ്കെടുത്തു.

ഹിന്ദു ഐക്യവേദിയുടെ മുഴുവന്‍ അംഗങ്ങളുടെയും സഹകരണവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും ഓണാഘോഷത്തിന് മിഴിവേകി. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ അടുത്തമാസത്തെ സത്സംഗം ദീപാവലിയായിട്ടാണ് ആഘോഷിക്കുന്നത് .

Venue Details: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU
 
Other News in this category

 
 




 
Close Window