|
ഇംഗ്ലണ്ടിനായി ലോക സുന്ദരി പട്ടം നേടുകയാണ് 23 വയസുള്ള ഭാഷയുടെ ലക്ഷ്യം. ഡിസംബറില്‍ ലണ്ടനിലാണ് ലോക സുന്ദരി മത്സരം. ഈ മാസം ആദ്യമായിരുന്നു കിരീട നേട്ടം. ജീനിയസ് ഐ ക്യൂ സ്‌കോറില്‍ 146 നേടി ബുദ്ധിശക്തിയിലും താനൊരു സംഭവമാണെന്ന് ഭാഷ തെളിയിച്ചു. ബോസ്റ്റണിലെ പില്‍ഗ്രിം ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായി പ്രവേശിച്ചിരിക്കുകയാണ് ഭാഷ. രോഗികളെ പരിചരിക്കുന്ന സുന്ദരി ഡോക്ടറായി ഭാഷ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഭാഷ താന്‍ ജോലി ചെയ്യുന്ന ആശുപത്രില്‍ എത്തി ഫോട്ടോ ഷൂട്ട് നടത്തി.
ഡെര്‍ബി സ്വദേശിയായ ഭാഷ അഞ്ചു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. ഗ്ലാമറസ് ലോകത്തേക്കുള്ള ഭാഷയുടെ വഴികള്‍ കഠിനമായിരുന്നു. മെച്ചപ്പെട്ട സാമ്പത്തിക പശ്ചാത്തലമില്ലാതെ വര്‍ണവിവേചനത്തോടു പൊരുതിയുമൊക്കെയാണ് ഭാഷ മുഖര്‍ജി മിസ് ഇംഗ്ലണ്ട് കിരീടം ചൂടിയത്.
മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് സൗന്ദര്യമല്‍സരങ്ങളില്‍ പങ്കെടുക്കണമെന്ന മോഹം പൂവിട്ടതെന്ന് ഭാഷ പറയുന്നു. സൗന്ദര്യകിരീടം സ്വന്തമാക്കിയ നിമിഷത്തെക്കുറിച്ച് ഭാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ: 'ഏതാണ് കൂടുതല്‍ മികച്ചതെന്ന് പറയാന്‍ കഴിയുന്നില്ല, പേരിനു മുമ്പ് ഡോക്ടര്‍ എന്നു വരുന്നതോ അതോ മിസ് ഇംഗ്ലണ്ട് എന്നു വരുന്നതോ'.
കുടുംബമൊന്നാകെ ഒരൊറ്റ മുറിയിലാണ് ഒരുകാലത്ത് കഴിഞ്ഞിരുന്നത്. പലപ്പോഴും സ്‌കൂളില്‍ നിന്ന് വര്‍ണവിവേചനത്തിനും ഇരയായിരുന്നു. പലപ്പോഴും സഹപാഠികളുടെ കുത്തുവാക്കുകള്‍ പേടിച്ച് ടോയ്‌ലറ്റിനുള്ളില്‍ വച്ച് ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ടെന്നു പറയുന്നു ഭാഷ. കുടിയേറ്റക്കാരിയെന്നതിന്റെ പേരിലും സൗന്ദര്യമില്ലെന്നുമൊക്കെ പറഞ്ഞ് പലപ്പോഴും സഹപാഠികള്‍ അവളെ കളിയാക്കിയിരുന്നുവെന്ന് ഭാഷയുടെ മാതാപിതാക്കള്‍ പറയുന്നു. പലപ്പോഴും സഹപാഠികളുടെ കുത്തുവാക്കുകള്‍ പേടിച്ച് ടോയ്‌ലറ്റിനുള്ളില്‍ വച്ച് ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ടെന്നു പറയുന്നു ഭാഷ.
മല്‍സരത്തിലുടനീളം തന്റെ കാര്യങ്ങള്‍ തനിയെ തന്നെയാണ് ചെയ്തതെന്നും ഭാഷ പറയുന്നു. മറ്റു മോഡലുകള്‍ക്കെല്ലാം സഹായത്തിനായി പലരും ഉണ്ടായിരുന്നു. അവരെല്ലാം മനോഹരമായി മുടിയെല്ലാം കെട്ടി മേക്കപ്പും ചെയ്താണ് നടന്നിരുന്നത്. താന്‍ അക്കൂട്ടത്തിലേ പെട്ടിരുന്നില്ല. ഒരിക്കലും ഒരവസരം ലഭിക്കുമെന്നു പോലും കരുതിയിരുന്നില്ല. അവസാന ആറു പേരിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇത്രയെങ്കിലും എത്തിയല്ലോ എന്ന ആശ്വാസമായിരുന്നു. തന്നെപ്പോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മറ്റു പെണ്‍കുട്ടികള്‍ക്ക് തന്റെ കഥ ഒരു പ്രചോദനമാകുമെന്നാണ് കരുതുന്നതെന്നും ഭാഷ പറയുന്നു.
അക്കാദമിക് വിഷയങ്ങളിലും സൗന്ദര്യ മത്സരങ്ങളിലും മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗ്രൂപ്പുകളിലും സജീവയാണ് ഭാഷ. വാര്‍ധക്യം ബാധിച്ചവരെ ഒറ്റപ്പെടലില്‍ നിന്നും സംരക്ഷിക്കാനായി തന്റെ നേതൃത്വത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് ഭാഷ. ഇന്ത്യയില്‍ ജനിച്ച ഭാഷ ഒമ്പതാം വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ബ്രിട്ടനില്‍ ചേക്കേറുന്നത്. |