Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഒളിംപിക്‌സ്: ഇന്ത്യയുടെ വനിതാ ടീം ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലില്‍
Reporter
ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ഒളിമ്പിക്‌സില്‍ ആദ്യമായി സെമി ഫൈനലില്‍ ഇന്ത്യന്‍ വനിതാ ടീം പ്രവേശിച്ചു. കരുത്തരായ ഓസ്‌ട്രേലിയയെ 1-0 ന് തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍പടയുടെ ചരിത്ര കുതിപ്പ്.

മൂന്ന് തവണ ജേതാക്കളായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ ടീം ഒളിമ്പിക്‌സില്‍ ആദ്യമായി സെമി ഫൈനലില്‍ കടന്നത്. റാങ്കിങ്ങില്‍ രണ്ടാമതുള്ള ഓസ്‌ട്രേലിയയെയാണ് പത്താം സ്ഥാനക്കാരായ ഇന്ത്യ മലര്‍ത്തിയടിച്ചത്. സെമിയില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളികള്‍. 22-ാം മിനിറ്റില്‍ തന്റെ ആദ്യ ഒളിമ്പിക് ഗോള്‍ നേടിയ ഗുര്‍ജിത് കൗര്‍ ആണ് ഇന്ത്യയുടെ വിജയശില്‍പി. ഇന്ത്യന്‍ ഗോള്‍വല കാത്ത് സവിത പ്രതിരോധത്തിന്റെ കോട്ട തീര്‍ത്തു.

ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച് പൂള്‍ ബിയില്‍ ചാംപ്യന്‍മാരായാണ് ഓസ്‌ട്രേലിയ ക്വാര്‍ട്ടറില്‍ എത്തിയത്. ആദ്യ മത്സരത്തില്‍ സ്‌പെയിനിന് മുന്നില്‍ ഒരു ഗോള്‍ വഴങ്ങിയത് ഒഴിച്ചാല്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടിയായായിരുന്നു ഓസ്‌ട്രേലിയയുടെ പ്രയാണം. ഈ കുതിപ്പിനാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ടീം അന്ത്യം കുറിച്ചത്.

അതേസമയം, വീണും ഉയിര്‍ത്തെഴുന്നേറ്റുമായിരുന്നു സെമി വരെയുള്ള ഇന്ത്യന്‍ ടീമിന്റെ യാത്ര. ആദ്യ മൂന്ന് കളികളിലും തോറ്റു. അവസാന രണ്ട് മത്സരങ്ങളില്‍ നിര്‍ണായക വിജയം. പൂള്‍ എയില്‍ നാലാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ പ്രവേശനം.

ഇന്ത്യന്‍ ഹോക്കിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് ടോക്യോ ഒളിമ്പിക്‌സില്‍ ലോകം സാക്ഷിയായത്. നേരത്തേ പുരുഷ ഹോക്കി ടീം ഒളിമ്പിക്‌സില്‍ സെമിയില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചരിത്ര നിയോഗവുമായി വനിതാ ടീമും ഓസ്‌ട്രേലിയയെ ഏകപക്ഷീയമായി തകര്‍ത്തത്.
 
Other News in this category

 
 




 
Close Window