Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ മഗ്‌സസെ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ട്, പാര്‍ട്ടി എതിര്‍പ്പ് മൂലം നിഷേധിച്ചു
reporter

 തിരുവനന്തപുരം: 2022ലെ മഗ്സസെ പുരസ്‌കാരത്തിന് മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയെ പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ പുരസ്‌കാരം നിരസിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അനില്‍ എസ് ആണ് എക്സ്‌ക്ലൂസീവ് വാര്‍ത്ത പുറത്തുവിട്ടത്.പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതയ്ക്കും സേവനത്തിനുമാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ പുരസ്‌കാരത്തിനായി പരിഗണിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.സംസ്ഥാനത്ത് നിപ, കോവിഡ് ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍ അതിനെതിരെ മുന്നില്‍ നിന്ന് ഫലപ്രദമായി നേതൃത്വം നല്‍കാന്‍ ആരോഗ്യ മന്ത്രി എന്ന നിലയില്‍ കെകെ ശൈലജയ്ക്ക് സാധിച്ചു. സംസ്ഥാനത്തിന്റെ നിപ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ തന്നെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനം എങ്ങനെ ശാസ്ത്രീയമായ രീതിയില്‍ മഹാമാരിക്കെതിരെ പോരാടുന്നു എന്ന് എടുത്തു കാണിച്ച് വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ശൈലജയെ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ചെയ്തു.

ശൈലജയെ അവാര്‍ഡിന് പരിഗണിക്കുന്ന കാര്യം ജൂലൈ മാസത്തില്‍ തന്നെ ഫൗണ്ടേഷന്‍ അറിയിച്ചിരുന്നു. പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചു കൊണ്ട് മുന്‍ മന്ത്രിക്ക് അയച്ച ഇ മെയിലില്‍, അവാര്‍ഡ് സ്വീകരിക്കാനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കാനും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിരുന്നു.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ അവര്‍ ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചു. പിന്നീട് വിഷയം പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ചയും ചെയ്തു. പിന്നാലെയാണ് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.അവാര്‍ഡിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച നേതൃത്വം, അത് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ആരോഗ്യ മന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചത് എന്നാണ് വിലയിരുത്തല്‍. നിപ, കോവിഡ് മഹാമാരികള്‍ക്കെതിരായ പോരാട്ടം ഒരു കൂട്ടായ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ വ്യക്തിഗത മികവിന് നല്‍കുന്ന അവാര്‍ഡ് സ്വീകരിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി നിലപാട്. പിന്നാലെ അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു.ഏഷ്യയുടെ നോബല്‍ സമ്മാനമായി പരക്കെ കണക്കാക്കപ്പെടുന്ന മഗ്സസെ അവാര്‍ഡ് അന്തരിച്ച ഫിലിപ്പൈന്‍സ് ഭരണാധികാരി ആയിരുന്ന രമണ്‍ മഗ്സസെയുടെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ്. കമ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചമര്‍ത്തിയ ഫിലിപ്പൈന്‍സ് ഭരണാധികാരി ആയിരുന്നു മഗ്സസെ എന്നതും അവാര്‍ഡ് നിരസിക്കാനുള്ള മറ്റൊരു തീരുമാനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരമൊരു അവാര്‍ഡ് സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകുമെന്നും സിപിഎം വിലയിരുത്തുന്നു.അവാര്‍ഡ് ശൈലജ സ്വീകരിച്ചിരുന്നെങ്കില്‍ ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളി വനിതയായി അവര്‍ മാറുമായിരുന്നു. വര്‍ഗീസ് കുര്യന്‍, എംഎസ് സ്വാമിനാഥന്‍, ബി ജി വര്‍ഗീസ്, ടിഎന്‍ ശേഷന്‍ എന്നിവര്‍ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയായും അവര്‍ മാറുമായിരുന്നു.

 
Other News in this category

 
 




 
Close Window