ലണ്ടന്‍: ലിസ് ട്രസിന് ടോറി പാര്‍ട്ടി അണികളുടെ രോഷം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് പുതിയ സര്‍വ്വെകള്‍ എല്ലാം ചൂണ്ടിക്കാണിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്ന ടോറി അണികള്‍ക്ക് പുതിയ വീട് വാങ്ങാന്‍ സഹായം നല്‍കാത്ത പക്ഷം ഈ അണികള്‍ പാര്‍ട്ടിയെ അടുത്ത തെരഞ്ഞെടുപ്പില്‍ കൈവിടുമെന്നാണ് റിപ്പോര്‍ട്ട്.ചാഞ്ചാടുന്ന 38 സീറ്റുകളില്‍ പ്രൈവറ്റ് റെന്റര്മാരാണ് കിംഗ്മേക്കേഴ്സ്. ഹേസ്റ്റിംഗ്സ് & റൈ, മില്‍ടണ്‍ കെയിന്‍സ് നോര്‍ത്ത് തുടങ്ങിയ സീറ്റുകള്‍ ഇതില്‍ പെടും. ഇവിടെ വാടകയ്ക്ക് കഴിയുന്നവര്‍ ഫലങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ളവരാണ്.
ഷെല്‍റ്ററിന് വേണ്ടി നടത്തിയ പുതിയ എംപിആര്‍ സര്‍വ്വെയില്‍ പങ്കെടുത്ത 15 മില്ല്യണ്‍ വോട്ടര്‍മാരാണ് തകര്‍ന്നടിഞ്ഞ വിപണിയെ ശരിപ്പെടുത്താന്‍ ആര്‍ക്കാണ് സാധിക്കുന്നത്, അവര്‍ക്കാണ് തങ്ങള്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബോക്സില്‍ 'ടിക്ക്' ചെയ്യുകയെന്ന് വ്യക്തമാക്കിയത്. ഇലക്ടറേറ്റിന്റെ പകുതിയോളം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വാടകയ്ക്ക് കഴിയുന്നവരുടെ വോട്ട് സുപ്രധാനമായി മാറുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കഴിഞ്ഞ ആഴ്ചയിലെ മിനി ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ച് ആദ്യത്തെ വീട് വാങ്ങാന്‍ സഹായിക്കാന്‍ ലിസ് ട്രസ് ശ്രമിച്ചിരുന്നു.എന്നാല്‍ മാനംമുട്ടെ ഉയര്‍ന്ന വില മൂലം ലക്ഷങ്ങള്‍ വിപണിക്ക് പുറത്ത് നില്‍ക്കുകയാണ്. ക്വാസി ക്വാര്‍ട്ടെംഗിന്റെ പ്രഖ്യാപനം ഹൗസിംഗ് വിപണിയുടെ നടുവൊടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.