Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ പണിമുടക്കി
reporter

ലണ്ടന്‍: വേതനവര്‍ധനയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് യു.കെയിലെ നഴ്‌സുമാര്‍ പണിമുടക്കി. റോയല്‍ കോളജ് ഓഫ് നഴ്സിങ് (ആര്‍.സി.എന്‍) യൂനിയന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വിസിലെ ഒരുലക്ഷത്തോളം നഴ്‌സുമാരാണ് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ടു വരെ പണിമുടക്കിയത്. ആര്‍.സി.എന്‍ യൂനിയന്റെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സമരം. നഴ്സുമാര്‍ ഡിസംബര്‍ 20നും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡില്‍ 7.5 ശതമാനം ശമ്പളവര്‍ധന അംഗീകരിച്ച രണ്ട് യൂനിയനുകള്‍ പണിമുടക്കില്‍നിന്നും പിന്മാറിയിരുന്നു. എന്നാല്‍, ആര്‍.സി.എന്‍ അവിടെയും പണിമുടക്കുന്നുണ്ട്.

ജീവിതച്ചെലവ് കൂടിയതിനാല്‍ യു.കെയിലെ പൊതു-സ്വകാര്യ മേഖല ജീവനക്കാര്‍ മാസങ്ങളായി വ്യാപകമായ അതൃപ്തിയിലാണ്. ലണ്ടനിലെ ഗയ്സ്, സെന്റ് തോമസ് എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവയുള്‍പ്പെടെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപരോധമുണ്ട്. കീമോതെറപ്പി, ഡയാലിസിസ്, തീവ്രപരിചരണം, നവജാത ശിശു, കുട്ടികളുടെ തീവ്രപരിചരണം എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ല. തങ്ങള്‍ക്ക് മടുത്തെന്നും ജീവിക്കാന്‍ ശമ്പളവര്‍ധന ആവശ്യമാണെന്നും ലണ്ടനിലെ മുതിര്‍ന്ന നഴ്സായ അമീറ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.

നഴ്സുമാരുടെ ശമ്പളം പലതവണയായി 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. സെപ്റ്റംബര്‍ ആയതോടെ നിത്യച്ചെലവിന് ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട നിലയായിരുന്നു. കഴിഞ്ഞവര്‍ഷം 25,000 നഴ്സുമാരാണ് ജോലിവിട്ടത്. വിലക്കയറ്റത്തിന് ആനുപാതികമായി ആര്‍.സി.എന്‍ യൂനിയന്‍ 19.2 ശതമാനം ശമ്പളവര്‍ധനയാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, ഇത് താങ്ങാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പണപ്പെരുപ്പം വേതനവര്‍ധനയെ മറികടക്കുന്നതിനാല്‍ യു.കെയില്‍ ജീവിതച്ചെലവ് ഏറെയാണ്. ഒക്ടോബറില്‍ 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 11.1 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്ന പണപ്പെരുപ്പം കഴിഞ്ഞ മാസം 10.7 ശതമാനമായി കുറഞ്ഞിരുന്നു.

കോവിഡ് സമയത്ത് നാഷനല്‍ ഹെല്‍ത്ത് സര്‍വിസില്‍ (എന്‍.എച്ച്.എസ്) നിയമനം റദ്ദാക്കിയതിനാല്‍ നഴ്സുമാരുടെ ജോലിഭാരം കൂടുതലാണെന്ന് യൂനിയന്‍ നേതാക്കളും ആരോഗ്യപ്രവര്‍ത്തകരും പറഞ്ഞു. ആര്‍.സി.എന്‍ യൂനിയന്‍ സെക്രട്ടറി പാറ്റ് കുള്ളനും ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയും തമ്മിലുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ സര്‍ക്കാറിന്റെ കോബ്ര കമ്മിറ്റി രണ്ടാമതും അടിയന്തര യോഗം ചേര്‍ന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

 
Other News in this category

 
 




 
Close Window