ഉത്തര്‍പ്രദേശില്‍ പൊലീസ് പിടിയിലായ തട്ടിപ്പു സംഘത്തില്‍ നിന്നും കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇക്കൂട്ടത്തില്‍ ബോളിവുഡ് താരം ഐശ്വര്യ റായിയുടെ പേരിലുള്ള വ്യാജ പാസ്പോര്‍ട്ടുമുണ്ട്. ഗ്രേറ്ററ് നോയിഡയില്‍ നിന്നാണ് മൂന്നംഗ തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും നിരവധി വ്യാജ രേഖകളും പൊലീസിന് ലഭിച്ചു.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘമാണ് പിടിയിലായത്. ചലച്ചിത്രതാരത്തിന്റെ പേരിലുള്ള വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് എന്താണ് സംഘം പദ്ധതിയിട്ടതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 1.80 കോടി രൂപയുടെ തട്ടിപ്പാണ് വിവിധ സ്ഥലങ്ങളിലായി ഇവര്‍ നടത്തിയത്. മാട്രിമോണിയല്‍, ഡേറ്റിങ് ആപ്പുകളിലൂടെ നിരവധി പേരേയും ഇവര്‍ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഐശ്വര്യ റായിയുടെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ പാസ്പോര്ട്ടില് ജനന സ്ഥല ഗുജറാത്തിലെ ഭാവ്നഗര്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനന തീയ്യതിയായി 1990 ഏപ്രില്‍ 18 ഉം രേഖപ്പെടുത്തിയിരിക്കുന്നുവെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘത്തില്‍ നിന്നും 2.50 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. കൂടാതെ 11 കോടിയുടെ വ്യാജ നോട്ടുകളും കണ്ടെത്തി. 10, 500 പൗണ്ടിന്റെ കറന്‍സികളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. |