Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
പ്രതിഭ കേശവന്റെ മരണകാരണം ഹൃദയാഘാതം: വിട പറഞ്ഞത് വിമാനത്തിലെ പ്രസവ ശുശ്രൂഷയിലൂടെ ആദരിക്കപ്പെട്ട നഴ്‌സ്
Text By: Team ukmalayalampathram
രണ്ടു വര്‍ഷം മുമ്പ് എയര്‍ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷ ദൗത്യത്തില്‍ പങ്കാളിയായി വാര്‍ത്തകളില്‍ ഇടം നേടിയ കേംബ്രിഡ്ജിലെ പ്രതിഭ കേശവനാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായ പ്രതിഭയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. യുകെ മലയാളികള്‍ക്കു പരിചിതയായ പ്രതിഭയുടെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവര്‍ക്കും വലിയ ഞെട്ടലാണ് നല്‍കിയിരിക്കുന്നത്.


രണ്ടു വര്‍ഷത്തിനു ശേഷം ഇന്ന് നാട്ടിലേക്ക് പോകുവാന്‍ പ്രതിഭ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് മരണ വാര്‍ത്ത എത്തിയത്. അമ്മയുടെ വരവും തിരിച്ച് അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതും സ്വപ്നം കണ്ടിരുന്ന പ്രതിഭയുടെ നാട്ടിലുള്ള മക്കള്‍ മരണവാര്‍ത്ത അറിഞ്ഞ് തകര്‍ന്നിരിക്കുകയാണ്. ഇത്തവണ നാട്ടില്‍ പോയി മടങ്ങുമ്പോള്‍ ഭര്‍ത്താവിനെയും മക്കളേയും മാതാപിതാക്കളെയും എല്ലാം ഒപ്പം കൊണ്ടുവരാനായിരുന്നു പ്രതിഭ തീരുമാനിച്ചിരുന്നത്. അതിനായുള്ള വിസാ ആവശ്യങ്ങള്‍ക്കായി എംബസിയിലേക്ക് ഇന്ന് കുടുംബസമേതം എല്ലാവരും പോകാനിരിക്കെയാണ് പ്രതിഭയുടെ മരണ വാര്‍ത്ത എത്തിയത്.


രണ്ടര വര്‍ഷം മുമ്പാണ് പ്രതിഭ യുകെയിലെത്തിയത്. വാടക വീട്ടിലായിരുന്നു താമസം. ഇന്ന് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ തന്നെ യാത്രയുടെ ഒരുക്കങ്ങള്‍ എങ്ങനെയായെന്നറിയാന്‍ ഏറെ നേരം ലണ്ടനിലുള്ള സഹോദരി പ്രതീക്ഷ പ്രതിഭയെ ഫോണ്‍ വിളിച്ചിട്ടും എടുത്തിരുന്നില്ല. എന്താണ് കാരണമെന്ന് അറിയാത്തതിനാല്‍ ഉടന്‍ തന്നെ പ്രതീക്ഷ ചേച്ചിയുടെ സുഹൃത്തിനെ ബന്ധപ്പെടുകയും വീട് വരെ പോയി നോക്കുവാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. സുഹൃത്ത് എത്തിയപ്പോള്‍ വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. കോളിംഗ് ബെല്ലടിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വാടക വീടിന്റെ ഉടമയെ ബന്ധപ്പെടുകയും അകത്ത് കയറി നോക്കിയപ്പോള്‍ അനക്കമില്ലാതെ കിടക്കുകയും ആയിരുന്നു. മക്കളെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തിയിട്ടാണ് പ്രതിഭ യുകെയിലേക്ക് വിമാനം കയറിയത്.


2021 ഒക്ടോബര്‍ അഞ്ചിന് രാത്രി ലണ്ടനില്‍നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തില്‍ യാത്രയിലായിരുന്നു പ്രതിഭ പത്തനംതിട്ട സ്വദേശിനിയായ മരിയാ ഫിലിപ്പിന്റെ പ്രസവത്തിന് തുണയായത്. ഏഴാം മാസമായിരുന്നു മരിയയ്ക്ക്. ബെഡ് റെസ്റ്റും മരിയയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നു.


എന്നാല്‍ വിമാനം ലണ്ടനില്‍നിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളില്‍ത്തന്നെ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയും നാലു നഴ്‌സുമാരും യുവതിയെ സഹായിക്കാനായെത്തി. ഇവരില്‍ ഒബ്‌സ്ട്രറ്റിക് തിയേറ്റര്‍ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടര്‍ന്നു യാത്രക്കാരിയുടെ പ്രസവ സഹായത്തിനു പ്രതിഭ നേതൃത്വം നല്‍കുകയായിരുന്നു.


വിമാനത്തില്‍ താല്‍ക്കാലിക മുറി ഒരുക്കിയായിരുന്നു പ്രസവത്തിന്റെ സജ്ജീകരണം. യുവതിക്കും തൂക്കം കുറവായിരുന്ന ആണ്‍ കുഞ്ഞിനും അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമായതിനാല്‍ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കി. അവിടെ ഏഴാഴ്ചയോളം കഴിഞ്ഞതിനു ശേഷമാണ് അമ്മയും കുഞ്ഞും തിരികെ നാട്ടിലേക്ക് മടങ്ങിയത്. എങ്കിലും അടിയന്തിര വൈദ്യസഹായം നല്‍കിയ പ്രതിഭ അടക്കമുള്ള മെഡിക്കല്‍ സംഘത്തിന് കൊച്ചിയിലെത്തിയപ്പോള്‍ അഭിനന്ദന പ്രവാഹമായിരുന്നു. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള പ്രതിഭയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം. പിതാവ് കുമരകം കദളിക്കാട്ടുമാലിയില്‍ കെ. കേശവന്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. കുമരകം നോര്‍ത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.
 
Other News in this category

 
 




 
Close Window