Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ജീവനക്കാരുടെ സമരം കെട്ടടങ്ങുന്നു, സമരത്തോട് വിമുഖത കാണിച്ച് നഴ്‌സുമാരും ജൂനിയര്‍ ഡോക്ടര്‍മാരും
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ തങ്ങളുടെ സേവന-വേതന വ്യവസ്ഥകളിലെ ന്യൂനതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ചില ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരും നടത്തി വരുന്ന ഇടക്കിടെയുള്ള സമരം കടുത്ത ബുദ്ധിമുട്ടുകളാണ് രോഗികള്‍ക്കും എന്‍എച്ച്എസിനുമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം സമരങ്ങള്‍ക്ക് ഇനി അധികകാലം ആയുസ്സുണ്ടായേക്കില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇത്തരം സമരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ സമീപകാലത്ത് കാര്യമായ കുറവുണ്ടായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെയും എന്‍എച്ച്എസിന്റെയും ഭാഗത്ത് നിന്ന് സമരം പരിഹരിക്കാനായി നിര്‍ദേശിക്കപ്പെട്ട ന്യായമായ വാഗ്ദാനങ്ങള്‍ തള്ളിക്കളയുന്ന സമരങ്ങളെ പിന്തുണക്കുന്ന എന്‍എച്ച്എസ് വര്‍ക്കര്‍മാരുടെ എണ്ണം നാള്‍ക്ക് നാള്‍ കുറഞ്ഞ് വരുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.ജൂനിയര്‍ ഡോക്ടര്‍മാര്‍ അടുത്തിടെ നടത്തിയ സമരത്തില്‍ മുമ്പുള്ള സമരങ്ങളേക്കാള്‍ വളരെ കുറവ് പേര്‍ മാത്രമാണ് ഭാഗഭാക്കായിരിക്കുന്നത്. അതായത് പ്രതിദിനം സമരം ചെയ്യുന്നവരില്‍ 5500ത്തോളം പേരുടെ ഇടിവാണുണ്ടായിരിക്കുന്നത്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണക്കുന്നവരുടെ എണ്ണത്തില്‍ ദിവസം ചെല്ലുന്തോറും കുറവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. അധികൃതരുടെ പരിഹാര നിര്‍ദേശങ്ങളും ഓഫറുകളും പാടെ നിരാകരിച്ച് കൊണ്ട് രോഗികളെ അപകടത്തിലാക്കുന്ന ഇത്തരം സമരങ്ങളെ പിന്തുണക്കാനാവില്ലെന്നാണ് നിരവധി ജൂനിയര്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ തങ്ങള്‍ കഴിഞ്ഞ കുറച്ച് കാലമായി ഇടവിട്ട് നടത്തി വരുന്ന പണിമുടക്ക് ഈ വാരത്തോടെ അവസാനിക്കുമെന്ന് സമ്മതിച്ച് നഴ്സുമാരുടെ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്സിംഗും ആദ്യമായി രംഗത്തെത്തിയിട്ടുണ്ട്.

പുതിയ കണക്കുകള്‍ പ്രകാരം മാര്‍ച്ച് 13നും 15നും മധ്യേ നടന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കില്‍ പങ്കെടുത്തത് കണ്‍സള്‍ട്ടന്റ് റാങ്കിന് കീഴിലുള്ള 28,708 ഡോക്ടര്‍മാരായിരുന്നു. എന്നാല്‍ ഏപ്രില്‍ 11നും 14നും ഇടയിലുള്ള സമരത്തില്‍ പങ്കെടുത്തവരുടെ എണ്ണം 26,145 പേരായി ചുരുങ്ങിയിട്ടുണ്ട്. ജീവിതച്ചെലവ് കുതിച്ചുയരുന്ന ഈ വേളയില്‍ സമരം ചെയ്താല്‍ ശമ്പളം കിട്ടില്ലെന്ന അവസ്ഥ പല ഡോക്ടര്‍മാര്‍ക്കും താങ്ങാനാവാത്ത സ്ഥിതി സംജാതമായതാണ് സമരത്തില്‍ നിന്നും ഇവര്‍ പിന്മാറിയിരിക്കുന്നതിന് പ്രധാന കാരണം.കൂടാതെ സമരം ചെയ്ത് തൊഴിലില്‍ നിന്നും കുറേ ദിവസം വിട്ട് നിന്നാല്‍ അത് തങ്ങളുടെ പ്രഫഷണല്‍ രംഗത്തെ വളര്‍ച്ചയെയും പ്രമോഷനെയും ബാധിക്കുമെന്ന ആശങ്കയും ജൂനിയര്‍ ഡോക്ടര്‍മാരെ ഇപ്പോള്‍ കൂടുതലായി അലട്ടുന്നുണ്ട്. എന്തായാലും സമരങ്ങള്‍ കാരണം ചികിത്സകള്‍ മുടങ്ങുന്ന രോഗികള്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയാണ്.

 
Other News in this category

 
 




 
Close Window