Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ അനധികൃതമായി എത്തുന്നവരെയും അഭയര്‍ഥി ക്ലെയിം ചെയ്യുന്നതും തടയാന്‍ തയാറാക്കിയ ബില്ലില്‍ പഴുതുകള്‍, നിരവധി പേര്‍ രാജ്യത്ത് എത്തിയതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയില്‍ കുടിയേറ്റക്കാര്‍ അനധികൃതമായി എത്തുന്നതും അസൈലം ക്ലെയിം ചെയ്യുന്നതും തടയുന്നതിനുള്ള ഇല്ലീഗല്‍ മൈഗ്രേഷന്‍ ബില്ലിലെ പഴുതുകളിലൂടെ നിയമവിരുദ്ധമായ കുടിയേറ്റക്കാര്‍ ഇവിടേക്ക് വന്‍ തോതില്‍ എത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് നികുതിദായകരുടെ മില്യണ്‍ കണക്കിന് പൗണ്ടുകള്‍ വൃഥാവിലാകുന്നുവെന്ന ആരോപണവും ശക്തമാണ്. പ്രസ്തുത ബില്‍ പ്രകാരം ഇവിടെ നിന്ന് നാടുകടത്തപ്പെടുന്ന നിയമവിരുദ്ധ കുടിയേറ്റക്കാര്‍ വീണ്ടും വീണ്ടും ഇവിടേക്ക് എത്തിച്ചേരുന്ന സ്ഥിതിയാണുള്ളതെന്നാണ് ഡെയിലി എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ നാട് കടത്തിയിട്ടും വീണ്ടും ബ്രിട്ടനിലേക്ക് നിയമവിരുദ്ധമായി എത്താനുള്ള അവസരം തക്കം പാര്‍ത്തിരിക്കുന്നവരുടെ പ്രതിനിധിയാണ് കാര്‍വാന്‍ കരീം എന്ന ഇറാഖി കുര്‍ദ്. നോര്‍ത്തേണ്‍ ഫ്രാന്‍സില്‍ ബ്രിട്ടന്റെ അതിര്‍ത്തിയില്‍ തന്റെ അവസരം കാത്തിരിക്കുകയാണിയാള്‍. ബ്രിട്ടനിലെ ഏത് ബീച്ചിലേക്ക് എത്തിപ്പെടുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് തന്നെ അവിടെ എത്തിക്കാമെന്നേറ്റ മനുഷ്യക്കടത്ത് കാരന്റെ നിര്‍ദേശത്തിന് കാത്തിരിക്കുയാണിയാള്‍.

താന്‍ ഒരു ലോറിയുടെ പുറകില്‍ കയറി 2012ല്‍ യുകെയിലെത്തിയിരുന്നുവെന്നും തുടര്‍ന്ന് പിടിക്കപ്പെട്ട് സ്വയം തിരിച്ച് പോകാമെന്ന് (വളണ്ടറി റിട്ടേണ്‍) സമ്മതിക്കുകയുമായിരുന്നുവെന്നും കരീം ഡെയിലി എക്സ്പ്രസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബാര്‍ണ്‍സ്ലേയില്‍ കഴിയുന്ന ഇയാള്‍ ബ്രിട്ടനിലേക്ക് തിരിച്ചെത്തുന്നതിന് അനുകൂല സന്ദര്‍ഭം കാത്തിരിക്കുകയാണിപ്പോള്‍. ഈ അനധികൃത യാത്രയില്‍ തന്റെ അമ്മയും സഹോദരിയും അവരുടെ മൂന്ന് കുട്ടികളുമുണ്ട്. വളണ്ടറി റിട്ടേണിന് സമ്മതിച്ചതിലൂടെ ഹോം ഓഫീസ് തനിക്ക് തിരിച്ച് പോകുന്നതിനുള്ള സൗകര്യമെല്ലാം സൗജന്യമായി ഏര്‍പ്പാടാക്കി തന്നിരുന്നുവെന്നും ഗ്രാന്റ് -ഫോര്‍ട്ട്- ഫിലിപ്പിലിരുന്ന് കരീം പറയുന്നു. മനുഷ്യക്കടത്തുകാരുടെ പ്രധാന താവളമാണ് ഇവിടം. ഇവിടെ നിന്ന് 1000 പൗണ്ട് മുതല്‍ 1500 പൗണ്ട് വരെ നല്‍കിയാല്‍ മനുഷ്യക്കടത്തുകാര്‍ ബോട്ടില്‍ തന്നെ അനായാസമായി വീണ്ടും യുകെയിലെത്തിക്കുമെന്നും കരീം വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഹോം ഓഫീസ് നാട് കടത്തിയ നിരവധി പേരാണ് യുകെയിലേക്ക് തിരിച്ച് വരാന്‍ തക്കം പാര്‍ത്തിരിക്കുന്നതെന്നും ഡെയിലി എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണില്‍ മാത്രം യുകെയിലേക്ക് 2862 അനധികൃത കുടിയേറ്റക്കാരാണ് ഇത്തരത്തില്‍ യുകെയിലേക്കെത്തിയിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം ഇത്തരത്തിലെത്തിയവരുടെ എണ്ണം 10,521 ആയിത്തീര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ അനധികൃത ബോട്ടുകളില്‍ യുകെയിലേക്കെത്തിയവരില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ വന്‍ പെരുപ്പമുണ്ടായിരുന്നു. ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റത്തില്‍ ശക്തമായ നടപടികളിലൂടെ 20 ശതമാനം കുറവ് വരുത്തിയെന്ന ടോറി സര്‍ക്കാരിന്റെ അവകാശവാദത്തില്‍ കഴമ്പില്ലെന്ന സംശയവും ഇതിനെ തുടര്‍ന്ന് ശക്തിപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലെ ഇത്തരം കുടിയേറ്റവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം 11 ശതമാനം കുറവുണ്ടായിട്ടുണ്ടെങ്കിലും ഇത്തരക്കാര്‍ നാട് കടത്തപ്പെട്ടിട്ടും വീണ്ടും വീണ്ടും തിരിച്ച് വരുന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window