Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
Teens Corner
  Add your Comment comment
ബ്ലെയ്ഡണ്‍ - ന്യൂകാസിലിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ വിശുദ്ധ ദേവാലയ കൂദാശ 26, 27 തീയതികളില്‍
Text By: Team ukmalayalampathram
ന്യൂകാസില്‍ ബ്ലെയ്ഡണിലെ ക്രിസ്ത്യന്‍ വിശ്വാസികളുടെ എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വിശുദ്ധ ദേവാലയ കൂദാശ ഈമാസം 26, 27 തീയതികളില്‍ നടക്കും. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ തോമസ് മാത്യൂസ് III (കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും) മുഖ്യകാര്‍മികത്വം വഹിക്കും. അദ്ദേഹത്തോടൊപ്പം ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സ്റ്റെഫാനോസ് പങ്കെടുക്കും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പൊതുയോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നമ്മുടെ പരമോന്നത സഭാ തലവന്‍ ബസേലിയോസ് മാര്‍ തോമസ് മാത്യൂസ് III യോഗത്തിന് നേതൃത്വം നല്‍കും.

ഗേറ്റ്‌സ്‌ഹെഡ് മേയര്‍, യുകെ ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്റ്റെഫാനോസ്, ബിഷപ്പ് മാത്യു ഓഫ് സൗരോഷ് (റഷ്യന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പ്), ബിഷപ്പ് ആന്റണി കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. അതോടൊപ്പം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ന്യൂകാസില്‍, കാത്തലിക് ചര്‍ച്ച് ന്യൂകാസില്‍, കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ന്യൂകാസില്‍, റൊമാനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ന്യൂകാസില്‍ ആന്‍ഡ് ഡര്‍ഹാം, ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ന്യൂകാസില്‍, എറിട്രിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഗേറ്റ്സ്ഹെഡ്, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ന്യൂകാസില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ ഭാഗമാകും.

യുകെ-യൂറോപ്പ്, ആഫ്രിക്ക മേഖലകളില്‍ മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വേരുകള്‍ 1930കള്‍ മുതല്‍ക്കേ ഉണ്ടായിരുന്നു. അക്കാലത്ത് നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് (ന്യൂകാസില്‍) പ്രദേശത്ത് വളരെ കുറച്ച് മലയാളി ക്രിസ്ത്യാനികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പ്രദേശത്ത് ആദ്യമായി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ശുശ്രൂഷ നടത്തിയത് ഫാ. തോമസ് യോഹന്നാന്‍ ഗേറ്റ്‌സ്‌ഹെഡിലെ ലാംസ്ലിസെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ ആയിരുന്നു. അതിനുശേഷം, വാള്‍സെന്‍ഡ് ഏരിയയിലെ ഒരു ആംഗ്ലിക്കന്‍ ദേവാലയത്തില്‍ ഓരോ മൂന്നുമാസം കൂടുമ്പോള്‍ ശുശ്രൂഷ നടത്തപ്പെട്ടു.

2004 ഓഗസ്റ്റ് ഏഴിന് സണ്ടര്‍ലാന്‍ഡിലെ സിറ്റി ഹോസ്പിറ്റല്‍ ചാപ്പലില്‍ ആദ്യയോഗം നടന്നത്. സംഗമം ഉദ്ഘാടനം ചെയ്തത് ബിഷപ്പ് എബ്രഹാം മാര്‍ സേവേറിയോസ് ആണ്. 2005 ജനുവരി 22-ന് എല്ലാ അംഗങ്ങളും ഏകകണ്ഠമായി 'സെന്റ് തോമസ്' എന്ന പേര് ഈ ഫെലോഷിപ്പിന് തിരഞ്ഞെടുത്തു. ഈ പേര് ഔദ്യോഗികമായി 2008 ജനുവരി അഞ്ചിന് പരേതനായ ഡോ.തോമസ് മാര്‍ മക്കാറിയോസ് സഭയായി പ്രഖ്യാപിച്ചു. 2016 ഒക്ടോബര്‍ രണ്ടിനാണ് ന്യൂകാസില്‍ - ബ്ലേഡണില്‍ ഫ്രണ്ട് സ്ട്രീറ്റിലെ വിന്‍ലാട്ടണിലെ ഒരു ദേവാലയം വാങ്ങിയത്. ഡോ. മാത്യൂസ് മാര്‍തിമോത്തിയോസ് ദേവാലയ അംഗങ്ങള്‍ക്കായി താല്‍ക്കാലികമായി തുറന്നുകൊടുത്തു.

ഇന്ന് നിലവില്‍ ഏകദേശം 58ഓളം കുടുംബങ്ങള്‍ ഉണ്ട്. ന്യൂകാസില്‍, ഡാര്‍ലിംഗ്ടണ്‍, ഡര്‍ഹാം, മിഡില്‍സ്‌ബ്രോ, സ്റ്റോക്ക്ടണ്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ വിദൂര ദിക്കുകളില്‍ നിന്നുപോലും അംഗങ്ങള്‍ ദേവാലയത്തില്‍ എത്തുന്നുണ്ട്. ഈ ദേവാലയം മെത്തഡിസ്റ്റുകളില്‍ നിന്ന് വാങ്ങി തങ്ങളുടെ ആരാധനാ പാരമ്പര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പരിവര്‍ത്തനം ചെയ്തതാണ്, ഇത് ഈ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഇന്ത്യന്‍ ദേവാലയമാണെന്ന് പറയുന്നതില്‍ അഭിമാനിക്കുകയാണ് നേതൃത്വം.

ന്യൂകാസിലിലെ വിശ്വാസി സമൂഹത്തിന്റെ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുകയാണ് സംഘാടക നേതൃത്വം.
 
Other News in this category

 
 




 
Close Window